
തോല്‍വിയില്‍ നിന്നു തോല്‍വിയിലേക്കു പോയിരുന്ന നോര്‍ത്ത് ഈസ്റ്റ് എഫ്.സിക്ക് മുംബൈയ്‌ക്കെതിരെ ആശ്വാസത്തിന്റെ മഹാവിജയം. സ്വന്തം ഗ്രൗണ്ടില്‍ ഏകപക്ഷീയമായ രണ്ടു ഗോളിനാണ് നോര്‍ത്ത് ഈസ്റ്റ് മുംബൈയെ തറപറ്റിച്ചത്.
41-ാം മിനിറ്റില്‍ അനുകൂലമായി കിട്ടിയ പെനാല്‍റ്റി പിന്നീട് കളിയിലുടനീളം നോര്‍ത്ത് ഈസ്റ്റിന്റെ ആത്മവീര്യം കൂട്ടുന്നതാണ് കണ്ടത്. പെനാല്‍റ്റി ഗോള്‍ ഹെറോറിയിലൂടെ നേടിയത് കളിയുടെ ആദ്യപകുതിയില്‍ നോര്‍ത്ത് ഈസ്റ്റിന് ആധിപത്യം നേടാന്‍ സഹായിച്ചു. 85-ാം മിനിറ്റില്‍ കമാറയുടെ വക മറ്റൊരു ഗോള്‍ പിറന്നു. എന്നാല്‍ തിരിച്ചടിക്കാന്‍ മുംബൈയ്ക്ക് ആയില്ല.

തിരിച്ചുവരവിന്റെ പാതയിലേക്ക് എത്തിയിരിക്കുകയാണ് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് മുംബൈക്കെതിരായ വിജയത്തോടെ. മല്‍സരത്തില്‍ രണ്ടു ഗോളിന് വിജയിച്ച നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്. 11 കളികളില്‍ നിന്ന് 16 പോയിന്റാണ് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് നേടിയത്. മുംബൈ തോല്‍വിയോടെ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 11 മല്‍സരത്തില്‍ നിന്ന് 12 പോയിന്റാണ് മുംബൈ നേടിയത്.












