സല്യൂട്ട് ചെയ്തില്ലെന്ന് ആരോപിച്ച് 15 പൊലീസുകാരെ പാറാവ് ഡ്യൂട്ടിയിലേക്ക് മാറ്റി

കണ്ണൂരില്‍ ഡിഐജിയെ സല്യൂട്ട് ചെയ്യാതിരുന്നതിന് പൊലീസുകാര്‍ക്കെതിരെ നടപടി. സല്യൂട്ട് ചെയ്തില്ലെന്ന് ആരോപിച്ച് 15 പൊലീസുകാരെ പാറാവ് ഡ്യൂട്ടിയിലേക്ക് മാറ്റി. ഏഴ് ദിവസത്തേക്ക് ഡിഐജി ഓഫീസിലാണ് ഡ്യൂട്ടി നല്‍കിയത്.

വ്യാഴാഴ്ച 12 മണിയോടെ ഡിഐജി രാഹുല്‍ ആര്‍ നായര്‍ ക്യാമ്പ് ഓഫീസില്‍ നിന്നും തന്റെ ഓഫീസിലേക്ക് പോകുന്ന വഴിയില്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നിലുണ്ടായിരുന്ന പൊലീസുകാര്‍ സല്യൂട്ട് ചെയ്തില്ലെന്നാണ് പരാതി. എന്നാല്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നിലുണ്ടായ സംഘര്‍ഷത്തിനിടയില്‍ ഡിഐജി പോകുന്നത് കണ്ടില്ലെന്ന് പൊലീസുകാര്‍ പറയുന്നു.

കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ കുടുംബശ്രീ പ്രവര്‍ത്തകരും പ്രതിപക്ഷ അംഗങ്ങളും ചേര്‍ന്ന് മേയര്‍ ടി ഒ മോഹനനെ ഉപരോധിച്ചിരുന്നു. ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷം നിയന്ത്രിക്കാനാണ് പൊലീസുകാര്‍ സ്ഥലത്തെത്തിയത്. കണ്ണൂര്‍ ടൗണ്‍, സിറ്റി, എടക്കാട് സ്റ്റേഷനുകളിലെ പൊലീസുകാരാണ് പ്രദേശത്ത് ഉണ്ടായിരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *