കൂള്‍ബാറിന് ലൈസൻസില്ല; എ.ഡി.എം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് വിഷബാധയെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ എഡിഎം ജില്ലാ കളക്ടര്‍ക്ക് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യമാണ് മരണത്തിന് കാരണമായത്. ഐഡിയല്‍ കൂള്‍ബാര്‍ ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹോട്ടലുകളില്‍ പരിശോധനകള്‍ കാര്യക്ഷമമായി നടക്കുന്നില്ല. ഭക്ഷ്യസുരക്ഷാ വകുപ്പില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് ഇതിന് കാരണം. ഭക്ഷ്യവിഷബാധ സംബന്ധിച്ച പരാതികള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് ഹോട്ടലുകള്‍ അടക്കമുള്ള ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്നിടത്ത് പരിശോധന നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

ഹോട്ടലുകള്‍ക്ക് പഞ്ചായത്തില്‍ നിന്നും ലൈസന്‍സ് അനുവദിക്കുന്നതിന് ലളിതമായ വ്യവസ്ഥകളാണുള്ളത്. തൊഴിലാളികള്‍ക്കുളള ആരോഗ്യ കാര്‍ഡ്, സാനിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ്, എന്നിവ നിര്‍ബന്ധമല്ലെന്നും അതിനാല്‍ വേഗത്തില്‍ ലൈസന്‍സ് ലഭിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

അതേസമയം വിഷബാധയേറ്റ് ചികിത്സയിലുണ്ടായിരുന്നവരില്‍ 21 പേര്‍ ഇന്നലെ ആശുപത്രി വിട്ടു. 13 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഭക്ഷണത്തിന്റെ സുരക്ഷയും നിലവാരവും ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഇന്ന് ഡിവിഷന്‍ ബെഞ്ചിന് വിശദീകരണം നല്‍കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *