തിരുവനന്തപുരം:സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെ.എസ്.ആര്‍.ടി.സിയ്ക്ക് ധന വകുപ്പ് 240 കോടി രൂപ നല്‍കാന്‍ ധാരണയായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരായ കെ.എം.മാണിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഈ തീരുമാനമുണ്ടായത്.
സാമ്പത്തിക സഹായത്തിനായി വികസനത്തിനും നവീകരണത്തിനുമുള്ള പദ്ധതി കെ.എസ്.ആര്‍.ടി.സി ധനവകുപ്പിന് സമര്‍പ്പിക്കണം. ടിക്കറ്റിന്‍മേല്‍ സെസ് ചുമത്താനും അതില്‍നിന്ന് യാത്രക്കാരുടെ സുരക്ഷിതത്വത്തിനായി ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനും ധനവകുപ്പ് അംഗീകാരം നല്‍കും.
കെ.എസ്.ആര്‍.ടി.സിയ്ക്ക് പണം നല്‍കില്ലെന്നായിരുന്നു നേരത്തേ ധനവകുപ്പിന്റെ നിലപാട്. ഇത് വിവാദമായതോടെയാണ് വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടുകയായിരുന്നു.
പെന്‍ഷന്‍ ഫണ്ട് എന്നപേരില്‍ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആര്‍.ടി.സിയ്ക്ക് മാത്രമായി പണം നല്‍കാനാവില്ലെന്ന തീരുമാനത്തില്‍ ധനവകുപ്പ് ഉറച്ചുനിന്നു. അതിനാലാണ് വികസന നവീകരണ പാക്കേജ് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചത്. വെള്ളിയാഴ്ച കെ.എസ്.ആര്‍.ടി.സി ഇത് സമര്‍പ്പിക്കും.