വി പി ജോയി
കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാട് മുണ്ടക്കെയിലും ചുരല്‍മലയിലുമായി തമ്പടിച്ച്, തത്സമയം വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കയാണ് കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍. ചളിയും പാറയും നിറഞ്ഞുകിടക്കുന്ന പ്രദേശങ്ങളില്‍ നിന്ന് ഏറെ ബുദ്ധിമുട്ടിയാണ് അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ടായ ദുരിതങ്ങളുടെ വിവരങ്ങളും പുറത്തുവരികയാണ്. 24 ന്യുസിന്റെ സീനിയര്‍ റിപ്പോര്‍ട്ടര്‍ ദീപക്ക് ധര്‍മ്മടത്തിന്റെ കാല്‍ റിപ്പോര്‍ട്ടിങ്ങിനിടെ ചളിയില്‍ പുതുഞ്ഞുപോയി. ( മമ്മൂട്ടിയുടെ ‘മാമാങ്കം’, നാദിര്‍ഷാ സംവിധാനം ചെയ്ത ‘മേരാ നാം ഷാജി’ തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷത്തില്‍ അഭിനയച്ച നടന്‍ കൂടിയാണ് ദീപക്) ഇന്ന് രാവിലെ 9.45ഓടെയായിരുന്നു സംഭവം. ഒരു കാല്‍ പൂര്‍ണ്ണമായും ചളിയില്‍ പൂണ്ടുപോയതിനാല്‍ ദീപക്കിന് കയറാന്‍ ആയില്ല. തൊട്ടടുത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്ന സൈനികരാണ് ദീപക്കിനെ വലിച്ച് കയറ്റിയത്.
ആ സമയം ശ്രീകണ്ഠന്‍ നായര്‍ തന്നെ നേരിട്ട് 24 ന്യൂസിന്റെ ലൈവില്‍ ഉണ്ടായിരുന്നു. ദീപക്കിനെ വലിച്ചുകയറ്റുന്ന രംഗങ്ങള്‍ 24 സംപ്രേഷണം ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ടിങ്ങിന്റെ ആവേശത്തില്‍ സുരക്ഷനോക്കണമെന്നും ശ്രീകണ്ഠന്‍ നായര്‍ ദീപക്കിനോട് പറയുന്നുണ്ട്്. ചളിയില്‍നിന്ന് കരകയറിയശേഷം, കിതപ്പോടെ ദീപകും ലൈവില്‍ ചേര്‍ന്നു. അദ്ദേഹത്തെ രക്ഷിച്ച സൈനികര്‍ തന്നെ ഇവിടെ അപ്പടി ചളിയായതുകൊണ്ട് രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാണെന്ന് പറയുന്നുണ്ട്.
കേരളത്തില്‍നിന്നും പുറത്തുമുള്ളവര്‍ അടക്കം നൂറിലേറെ മാധ്യമ പ്രവര്‍ത്തകര്‍ വയനാട്ടിലുണ്ട്. ചാനലുകള്‍ തമ്മില്‍ കടുത്ത മത്സരം നടക്കുന്നതുകൊണ്ട് ഇവര്‍ തമ്മില്‍ ഇടതടവില്ലാതെ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കയാണ്. ഇതിനിടെ അവര്‍ സ്വന്തം സുരക്ഷപോലും നോക്കുന്നില്ല. നിയന്ത്രിത മേഖലകളിലേക്ക് പോകരുതെന്ന് ആര്‍മി അടക്കമുള്ളവര്‍ പറഞ്ഞിട്ടും പലപ്പോഴും മാധ്യമ പ്രവര്‍ത്തകര്‍ അത് വകവെക്കാറില്ല. നേരത്തെ വയനാട് ഉരുള്‍പൊട്ടലിന്റെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടത്തേക്ക് പോവുമ്പോള്‍, ഒരു മാധ്യമ സ്ഥാപനത്തില്‍നിന്ന് റിപ്പോര്‍ട്ടറും ക്യാമറാനും അടക്കം രണ്ടുപേര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ എന്ന നിബന്ധന അധികൃതര്‍ വെച്ചിരുന്നു.
പക്ഷേ കടുത്ത ചാനല്‍ മത്സരം നടക്കുന്നതിനാല്‍, എസ്‌ക്ലൂസീവ്് വിഷ്വലുകള്‍ക്ക് വേണ്ടി ഇവിടെയും മത്സരം നടക്കയാണ്. അത് അപകട സാധ്യത വര്‍ധിപ്പിക്കയാണ്. കഴിഞ്ഞ ആഴ്ചയിലെ ബാര്‍ക്ക് റേറ്റിങ്ങും മാധ്യമ പ്രവര്‍ത്തകരുടെ നെഞ്ചിടിപ്പേറ്റുകയാണ്. ഏഷ്യാനെറ്റ് ഒന്നാമതും, 24 ന്യൂസ്് രണ്ടാമതും തുടരുന്ന ടിആര്‍പി റേറ്റിങ്ങില്‍, മാതൃഭൂമിയെയും, മനോരമയെയും, പിന്തള്ളി മൂന്നാമത് എത്തിയത് റിപ്പോര്‍ട്ടര്‍ ടീവിയാണ്. പതിവായി മൂന്നാം സ്ഥാനം നിലനിര്‍ത്താറുള്ള മനോരമ ന്യൂസ് നാലാം സ്ഥാനത്തേക്ക് വീണു. റിപ്പോര്‍ട്ടറിന്റെ ഈ കുതിപ്പിന് ഇടയാക്കിയത്, കര്‍ണാടകയിലെ ഷിരൂരില്‍ അര്‍ജുന്‍ എന്ന ലോറി ഡ്രൈവറെ മണ്ണിടിച്ചിലില്‍ കാണാതായ വിവരം പുറത്തുവന്ന സമയം തൊട്ട്, ഇടതടവില്ലാതെ ലൈവ് ചെയ്തതായിരുന്നു. ഈ വിവരം പുറത്തുവന്നതോടെ വയനാട് ഉരുള്‍പൊട്ടലിനും മാധ്യമ മത്സരം മറുകുകയാണ്.