കോട്ടയം: സിനിമാ കുടുംബം പോലെ തന്നെയാണ് രാഷ്ട്രീയ കുടുംബവും. അച്ഛനും അമ്മയും മക്കളും കൊച്ചുമക്കളുമെല്ലാം സിനിമയുടെ വിവിധ മേഖലകളില്‍ നിറഞ്ഞു നില്‍ക്കുന്നത് ബോളിവുഡിലാണ് സര്‍വ്വ സാധാരണം. മലയാളത്തിലും കുറവന്നുമല്ല. സിനിമ മാത്രമല്ല രാഷ്ട്രീയവും അങ്ങനെ തന്നെ. അതിനുള്ള ഉത്തമ ഉദാഹരണമാണ് നഹ്‌റു കുടുംബം. കേരളത്തിലേക്ക് തിരിയുമ്പോഴും ഒട്ടും മോശമല്ല.
ഇപ്പോഴിതാ അന്തരിച്ച മുന്‍ മന്ത്രി ടിഎം ജേക്കബിന്റെ ഭാര്യയും മന്ത്രി അനൂപ് ജേക്കബിന്റെ മാതാവുമായ ഡെയ്‌സി ജേക്കബ് സജീവരാഷ്ട്രീയത്തിലേക്ക് തിരിയുന്നു. പാര്‍ട്ടി വൈസ് ചെയര്‍പേഴ്‌സണായി ഡെയ്‌സിയെ തെരഞ്ഞെടുത്തിരിക്കുകയാണ്. കോട്ടയത്ത് ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്.
പാര്‍ട്ടി വൈസ് ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളില്‍ ഏതെങ്കിലും ഡെയ്‌സി ജേക്കബിനു ലഭിക്കുമെന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്. ഡെയ്‌സിയെ പാര്‍ട്ടി നേതൃസ്ഥാനത്ത് കൊണ്ടുവരണമെന്ന് പാര്‍ട്ടി അംഗങ്ങള്‍ നേരത്തെമുതല്‍ ആവശ്യമുന്നയിച്ചിരുന്നു.
അതേസമയം, ഡെയ്‌സി ജേക്കബിനു വര്‍ക്കിംഗ് ചെയര്‍മാന്‍ സ്ഥാനം നല്‍കിയാല്‍ മതിയെന്ന് ഒരുവിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ തീരുമാനം അന്തിമമാണെന്നും പാര്‍ട്ടിനയങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ ആവശ്യപ്പെട്ടു. ഇതോടെ ഒരുഭാഗം പ്രവര്‍ത്തകര്‍ ബഹളംവച്ച് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. പാര്‍ട്ടി ഏല്‍പിക്കുന്ന ഏതു ചുമതലയും സ്വീകരിക്കുമെന്ന് ഡെയ്‌സി ജേക്കബ് പ്രതികരിച്ചു. ഡെയ്‌സിയുടെ പ്രവേശനം പാര്‍ട്ടിക്കു ഗുണം ചെയ്യുമെന്ന് ജോണി നെല്ലൂര്‍ അറിയിച്ചു.