അഹമ്മദാബാദ്: അമുല്‍ അമേരിക്കയില്‍ ഉത്പാദനം തുടങ്ങുന്നു. അമുല്‍ ബ്രാന്‍ഡ് ഉത്പന്നങ്ങളുടെ ഉടമകളായ ഗുജറാത്ത് സഹകരണ ക്ഷീര വിപണന ഫെഡറേഷന്‍ ഫിബ്രവരിയോടെ അമേരിക്കയില്‍ നിന്ന് ഉത്പാദനം തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
നെയ്യ്, പനീര്‍, കട്ടിത്തൈരു കൊണ്ടുണ്ടാക്കുന്ന മധുരപലഹാരമായ ശ്രീകണ്ഠ് എന്നിവയാണ് ആദ്യഘട്ടത്തില്‍ അമേരിക്കയില്‍ നിന്ന് ഉത്പാദിപ്പിക്കുകയെന്ന് ഫെഡറേഷന്റെ മാനേജിങ് ഡയറക്ടര്‍ ആര്‍എസ് സോദി പറഞ്ഞു. ന്യൂജേഴ്‌സിയിലെ ഒരു എന്‍ആര്‍ഐയുമായി ചേര്‍ന്നാണിത്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പ്ലാന്റില്‍ നിന്നായിരിക്കും ഉത്പാദനം. പ്രതിദിനം അഞ്ചു ടണ്‍ നെയ്യും രണ്ടു ടണ്‍ പനീറുമാവും ആദ്യഘട്ടത്തില്‍ ഉത്പാദിപ്പിക്കുക.
ഇന്ത്യയിലേതിനു സമാനമായി അമേരിക്കയിലെ സഹകരണ സംഘങ്ങളില്‍ നിന്നായിരിക്കും ഉത്പാദനത്തിന് ആവശ്യമായ പാല്‍ സംഭരിക്കുക. സാങ്കേതികവിദ്യയും രുചിക്കൂട്ടുകളും തങ്ങള്‍തന്നെ ലഭ്യമാക്കുമെന്ന് സോദി അറിയിച്ചു. അമേരിക്കയില്‍ താമസമാക്കിയിരിക്കുന്ന 20 ലക്ഷത്തോളം ഇന്ത്യക്കാരെയും മറ്റു ഏഷ്യക്കാരെയുമാണ് അമുല്‍ ലക്ഷ്യമിടുന്നത്.
വൈകാതെ തന്നെ അമുല്‍ പാലും അമേരിക്കന്‍ വിപണിയിലെത്തിക്കാനാണ് ഫെഡറേഷന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. തുടക്കത്തില്‍ പ്രതിദിനം 50,000 ലിറ്റര്‍ പാലാണ് ലഭ്യമാക്കുക. ഗുജറാത്ത് സഹകരണ ക്ഷീര വിപണന ഫെഡറേഷന്‍ നിലവില്‍ പ്രതിവര്‍ഷം 100 കോടി രൂപയുടെ ക്ഷീരോത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഇതു മുഖ്യമായും അമേരിക്ക, യൂറോപ്, ഗള്‍ഫ് രാജ്യങ്ങളിലേക്കാണ്.
നടപ്പുസാമ്പത്തിക വര്‍ഷം 18,000 കോടി രൂപയുടെ വിറ്റുവരവാണ് ഫെഡറേഷന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 13, 735 കോടി രൂപയുടെ മൊത്ത വില്‍പ്പന നടത്തിയ സ്ഥാനത്താണിത്.