വര്‍ഗീയതയ്‌ക്കെതിരെ ഉമ്മന്‍ചാണ്ടി മാത്രം മൗനം പാലിക്കുന്നതില്‍ ഉത്കണ്ഠയുണ്ടെന്ന് പിണറായി വിജയന്‍

കണ്ണൂര്‍:മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി സി.പി.എം നേതാവ് പിണറായി വിജയന്‍ വീണ്ടും രംഗത്ത്. വര്‍ഗീയതക്കെതിരായ മുഖ്യമന്ത്രിയുടെ മൗനം അപകടകരമെന്ന് അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസ്- എസ്.എന്‍.ഡി.പി ബന്ധത്തിന് ഉമ്മന്‍ചാണ്ടി ഒത്താശ ചെയ്യുകയാണെന്നും പിണറായി ചൂണ്ടിക്കാട്ടി. അടിയന്തരാവസ്ഥ വര്‍ഗീയ ശക്തികള്‍ക്ക് മുന്നോട്ടു വരാന്‍ അവസരമുണ്ടാക്കി.വിപി സിംഗിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ജനകീയ സര്‍ക്കാരിനെ താഴെയിറക്കാന്‍ ആര്‍എസ്എസിനെയും ബിജെപിയെയും കൂട്ടുപിടിച്ചവരാണ് കോണ്‍ഗ്രസ്. അക്കാര്യം ഉമ്മന്‍ചാണ്ടി മറക്കരുത്. കോണ്‍ഗ്രസിന്റെ കാപട്യം ജനങ്ങള്‍ തിരിച്ചറിയുമെന്ന് ഉമ്മന്‍ ചാണ്ടി മനസ്സിലാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
ശാശ്വതീകാനന്ദയുടെ മരണത്തില്‍ സമഗ്ര പുനരന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്വേഷണ ഏജന്‍സി ഏതെന്ന് സര്‍ക്കാര്‍ തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.സിബിഐ കളിപ്പാവയാണെന്നാണ് വെള്ളാപ്പള്ളി നടേശന്‍ കരുതുന്നത്. ശാശ്വതികാനന്ദ സ്വാമിയുടെ മരണത്തില്‍ പുനഃരന്വേഷണം വേണം. സംസ്ഥാന സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. വര്‍ഗീയതയ്‌ക്കെതിരായ എഴുത്തുകാരുടെ പ്രതികരണം ശുഭകരമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. വര്‍ഗീയതയ്‌ക്കെതിരായി ആപത്ത് തിരിച്ചറിഞ്ഞ് പ്രതികരിക്കണം.മൂന്നര ലക്ഷം തോട്ടം തൊഴിലാളികള്‍ പണിമുടക്ക് തുടങ്ങിയിട്ട് കുറെ നാളുകളായി. ഇതിനു പരിഹാരം കാണാന്‍ സര്‍ക്കാര്‍ എന്തു നടപടിയാണ് സ്വീകരിച്ചത്. തോട്ടംസമരം പരിഹരിക്കാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. ഫലപ്രദമായ നടപടി സ്വീകരിച്ച് സമരം അവസാനിപ്പിക്കുകയാണ് വേണ്ടത്. തോട്ടംമേഖലയില്‍ മാത്രമല്ല പരമ്പരാഗത വ്യവസായ മേഖലകളിലും വളരെ തുച്ഛമായ കൂലിയാണ് തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്. തോട്ടം മേഖലയോടൊപ്പം തന്നെ സര്‍ക്കാര്‍ ഇതിനും പരിഹാരം കാണണമെന്നും പിണറായി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *