
കണ്ണൂര്‍ ജില്ലയിലെ ലഹരി വിരുദ്ധ റാലിയുടെ സംഘാടകനായിരുന്ന സിപിഎം നേതാവ്
എംഡിഎംഎയുമായി പിടിയില്‍. സിപിഎം വളപട്ടണം ലോക്കല്‍ കമ്മിറ്റിയംഗം വികെ ഷമീറാണ് പിടിയിലായിരിക്കുന്നത്. 18 ഗ്രാം എംഡിഎംഎയുമായാണ് ഇയാളെ പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് കാറില്‍ കടത്തിക്കൊണ്ടുവരികയായിരുന്നു ഷമീര്‍.
കാറില്‍ രഹസ്യ അറയുണ്ടാക്കി അതിലാണ് എംഡിഎംഎ കടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവായ ഷമീര്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വളപട്ടണം ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു. കഴിഞ്ഞ ദിവസം വളപട്ടണത്ത് സി.പി.എം സംഘടിപ്പിച്ച ലഹരിവിരുദ്ധ റാലിയുടെ സംഘാടകരില്‍ ഒരാള്‍ കൂടിയായിരുന്നു ഷമീര്‍. അതേസമയം, ഷമീറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്ന് സിപിഎം അറിയിച്ചു.

