
ബെംഗളൂരുവിൽ ചിട്ടിക്കമ്പനി നടത്തി കോടിക്കണക്കിന് രൂപയുമായി മലയാളി ദമ്പതിമാർ മുങ്ങിയെന്ന് പരാതി. ബെംഗളൂരു രാമമൂർത്തി നഗറിലുള്ള എ ആൻഡ് എ ചിറ്റ് ഫണ്ട് ആൻഡ് ഫൈനാൻസിമെതിരെയാണ് പരാതി. കമ്പനി നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി എവി ടോമി, ഭാര്യ ഷൈനി ടോമി എന്നിവർക്കെതിരെ രാമമൂർത്തി നഗർ പോലീസ് കേസെടുത്തു. ബുധനാഴ്‌ച മുതൽ ഇവരെ കാണാതായെന്നാണ് പരാതി.
ഇവരുടെ ഫോൺ സ്വിച്ച് ഓഫാണ്. വീടും വാഹനവും വിറ്റശേഷം മുങ്ങിയതാണെന്നു പറയുന്നു. കമ്പനിയുടെ ഓഫീസിൽ ഏതാനും ജീവനക്കാരുണ്ടെങ്കിലും അവർക്ക് ഇവരെപ്പറ്റി അറിയില്ലെന്നാണ് വിവരം. 100 കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയതായി സംശയിക്കുന്നു. 25 വർഷമായി പ്രവർത്തിച്ചുവരുന്ന ചിട്ടിക്കമ്പനിയാണിത്.

രാമമൂർത്തി നഗർ സ്വദേശിയായ റിട്ട. ജീവനക്കാരനാണ് ആദ്യം പരാതി നൽകിയത്. തനിക്കും ഭാര്യക്കും റിട്ടയർമെൻ്റ് ആനുകൂല്യമായി കിട്ടിയ തുകയും ബന്ധുക്കളോടും സുഹൃത്തുക്കളോടും വാങ്ങിയ തുകയുമുൾപ്പെടെ 70 ലക്ഷം രൂപ ചിട്ടിക്കമ്പനിയിൽ നിക്ഷേപിച്ചതായി പരാതിയിൽ പറഞ്ഞു. ഈ പണവുമായാണ് ഉടമകൾ മുങ്ങിയതെന്ന് ആരോപിച്ചു.
