ബാര്‍ കോഴ കേസില്‍ തുടരന്വേഷണം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനേറ്റ തിരിച്ചടിയാണ് ഹൈക്കോടതി പരാമര്‍ശമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോടതി പരാമർശത്തിലൂടെ കെ.എം. മാണി കൈക്കൂലി ചോദിച്ചുവാങ്ങിയെന്ന് വ്യക്തമായി. മാണി രാജിവച്ചു പോകുന്നതാണ് നല്ലത്. മന്ത്രിസ്ഥാനത്ത് കടിച്ചു തൂങ്ങാനാണോ മാണി ഉദ്ദേശിക്കുന്നത്. മാണി രാജിവച്ചാൽ മന്ത്രിസഭ താഴെ വീഴുമെന്ന ഭയമാണ് ഉമ്മൻചാണ്ടിക്കെന്നും കോടിയേരി പറഞ്ഞു.മാണി രാജിവയ്ക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ ഗവര്‍ണര്‍ ഇടപെട്ട് മാണിയെ പുറത്താക്കണം. ഇന്ന് തന്നെ ഗവര്‍ണര്‍ പ്രശ്നത്തില്‍ മുഖ്യമന്ത്രിയോട് വിശദീകരണം തേടണമെന്നും കോടിയേരി പറഞ്ഞു. ഇക്കാര്യമുന്നയിച്ച് പ്രതിപക്ഷാംഗങ്ങള്‍ നല്‍കിയ പരാതിയില്‍ നിയമജ്ഞന്‍ കൂടിയായ ഗവര്‍ണര്‍ ഉടന്‍ നടപടിയെടുക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.












