കേരള കോണ്‍ഗ്രസിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി സിപിഐഎം; ബിനു പുളിക്കക്കണ്ടത്തിലിന് പകരം ജോസിൻ ബിനോ പാലാ നഗരസഭാ അധ്യക്ഷയാകും

ദിവസങ്ങളായി നഗരസഭാ അധ്യക്ഷസ്ഥാനത്തെച്ചൊല്ലി തര്‍ക്കം രൂക്ഷമായ പാലായില്‍ ഒടുവില്‍ കേരള കോണ്‍ഗ്രസിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി സിപിഐഎം. ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കി പകരം ജോസിന്‍ ബിനോ സിപിഐഎം സ്ഥാനാര്‍ത്ഥിയാകും. സിപിഐഎം ഏരിയ കമ്മിറ്റിയാണ് തീരുമാനമെടുത്തത്.

കേരള കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്നാണ് ബിനു പുളിക്കകണ്ടത്തെ ഒഴിവാക്കിയത്. നേതൃത്വത്തിന്റെ തീരുമാനത്തില്‍ സിപിഐഎം പ്രാദേശിക നേതൃത്വം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.പാലാ നഗരസഭയില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച ഏക വ്യക്തിയായിരുന്നു ബിനു പുളിക്കകണ്ടം. ജോസിന്റെ പരാതിക്ക് സിപിഐഎം വഴങ്ങുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് പ്രാദേശിക നേതൃത്വം മുന്നറിയിപ്പ് നല്‍കിയിരുന്നു. പാര്‍ട്ടി ചിഹ്നത്തില്‍ വിജയിച്ച ഏക അംഗത്തെ തഴയുന്നത് പ്രതിഷേധത്തിന് കാരണമാകുമെന്നും പ്രാദേശിക നേതൃത്വം ഓര്‍മിപ്പിച്ചിരുന്നു.

കേരളാ കോണ്‍ഗ്രസ് അംഗം കൊല്ലമ്പറമ്പിലിനെ ബിനു കൗണ്‍സില്‍ യോഗത്തിനിടെ മര്‍ദിച്ചിരുന്നു. കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയെ തോല്‍പ്പിക്കാന്‍ ബിനു ശ്രമിച്ചെന്നുള്ള പരാതിയും കേരളാ കോണ്‍ഗ്രസിന്റെ അതൃപ്തിയ്ക്ക് കാരണമാകുകയായിരുന്നു. എന്നാല്‍ ഈ വിഷയത്തിലെ കേരളാ കോണ്‍ഗ്രസിന്റെ വിലപേശല്‍ തന്ത്രത്തിനെതിരെ സിപിഐയും രംഗത്തുവന്നിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *