സ്ഥാനാര്‍ത്ഥി നിര്‍ണയ വിവാദം : സി.പി.ഐ. നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം


Pannyan_ravindran_DSC_0572.resizedതിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി വിവാദത്തില്‍ സി.പി.ഐ സംസ്ഥാനകൗണ്‍സില്‍ യോഗത്തില്‍ അംഗങ്ങള്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി രംഗത്തെത്തി. യോഗത്തില്‍ പാര്‍ട്ടി സംസ്ഥാനസെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ രാജി വയ്ക്കണമെന്ന ആവശ്യവുമുയര്‍ന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്നും എക്‌സിക്യൂട്ടീവ് രാജിവച്ചൊഴിയണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. സംസ്ഥാന കൗണ്‍സില്‍ യോഗത്തിലെ ആദ്യദിവസം ചര്‍ച്ചയില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്.


സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും സംസ്ഥാന സെക്രട്ടേറിയറ്റിനുമെതിരെയും പാര്‍ട്ടിതല അന്വേഷണ റിപ്പോര്‍ട്ടില്‍ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തിയ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗവും നിയമസഭാകക്ഷി നേതാവുമായി സി. ദിവാകരന്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അഡ്വ.പി.രാമചന്ദ്രന്‍ നായര്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി എന്നിവര്‍ക്ക് എതിരെയും ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു. സംസ്ഥാന സെക്രട്ടറിയുടെ അറിവും സമ്മതവുമില്ലെങ്കില്‍ ഡോ.ബെനറ്റ് എബ്രഹാം സ്ഥാനാര്‍ത്ഥിയാകുമായിരുന്നില്ലെന്നും ചിലര്‍ ആരോപിച്ചു. സംസ്ഥാന സെക്രട്ടറിയ്ക്കും സംസ്ഥാന സെക്രട്ടേറിയറ്റിനും ഈ വീഴ്ചയുടെ ധാര്‍മിക ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിയാനാകില്ല. പാര്‍ട്ടിയെ നേര്‍വഴിയ്ക്ക് കൊണ്ടുവരുന്നതിന്റെ ആദ്യപടിയെന്ന നിലയില്‍ പന്ന്യന്‍ രവീന്ദ്രന്‍ സെക്രട്ടറി സ്ഥാനം ഒഴിയണമെന്നും ചിലര്‍ ആവശ്യം ഉന്നയിച്ചു.
വെള്ളിയാഴ്ച സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ 29 പേരാണ് ചര്‍ച്ചയില്‍ പക്കെടുത്തത്.


 

Related News: സി.പി.ഐ. സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് പന്ന്യന്‍ രവീന്ദ്രന്‍

 സി.പി.ഐ ജില്ലാ സെക്രട്ടറിയെ മാറ്റി

 



Sharing is Caring