എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രകൃഷിമന്ത്രി

n3 ban_endosulfan

ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ നിയമം മൂലം നിരോധിക്കാന്‍ അടിയന്തരനടപടി സ്വീകരിക്കുമെന്ന് കേന്ദ്രകൃഷിമന്ത്രി രാധാ മോഹന്‍സിങ്ങ് രാജ്യസഭയില്‍ ഉറപ്പു നല്‍കി. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് പി.രാജീവ് അവതരിപ്പിച്ച സ്വകാര്യ ബില്ലില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സംസ്ഥാനങ്ങളില്‍ നിന്നുള്ള 17 എം.പി.മാര്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. കാസര്‍കോട് എം.പി. പി.കരുണാകരന്‍ ലോക്‌സഭയില്‍ എന്‍ഡോസള്‍ഫാന്‍ വിഷയം കഴിഞ്ഞ ദിവസം ഉന്നയിച്ചു.

2010ല്‍ എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ മനുഷ്യാവകാശകമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാനും അടിയന്തരനടപടി സ്വീകരിക്കുമെന്ന് കേന്ദ്രകൃഷിമന്ത്രി രാധാ മോഹന്‍സിങ് രാജ്യസഭയില്‍ ഉറപ്പ് നല്‍കി .എന്‍ഡോസള്‍ഫാന്‍ ബാധിതമേഖലയായ കാസര്‍കോട് പുനരധിവാസ പാലിയേറ്റീവ് ആസ്പത്രി സ്ഥാപിക്കണമെന്നും നഷ്ടപരിഹാരത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നുമായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. അതനുസരിച്ച് 450 കോടി രൂപയുടെ പാക്കേജ് കേരളം കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. ഈ വിഷയം ആരോഗ്യമന്ത്രാലയവുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി.

സുപ്രീം കോടതി താത്കാലികമായി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പല പേരുകളിലായി വിവിധ സംസ്ഥാനങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ പ്രയോഗത്തിലുണ്ടെന്ന് രാജീവ് ചൂണ്ടിക്കാട്ടി. 1968ലെ കീടനാശിനി നിയന്ത്രണനിയമത്തിലെ 27(1) പ്രകാരം സംസ്ഥാനസര്‍ക്കാറിന് 60 ദിവസമേ നിരോധനം ഏര്‍പ്പെടുത്താന്‍ പറ്റൂ. എന്നാല്‍ 27(2) വകുപ്പനുസരിച്ച് കേന്ദ്രത്തിന് സ്ഥിരമായ നിരോധനം നടപ്പാക്കാം.
കീടനാശിനിപ്രയോഗത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും പരാതികളില്‍ വേഗം തീര്‍പ്പാക്കാന്‍ ട്രൈബ്യൂണല്‍ രൂപവത്കരിക്കുകയും വേണം. മരിച്ചവരുടെ ആശ്രിതര്‍ക്കും എന്‍ഡോസള്‍ഫാന്‍ പ്രയോഗം മൂലം രോഗക്കിടക്കയിലുള്ളവര്‍ക്കും പ്രതിമാസം 2000 രൂപ പെന്‍ഷന്‍ നല്‍കണമെന്നും രാജീവ് ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *