സമ്ബര്‍ക്ക വ്യാപനത്തിനു സാധ്യത, എടിഎമ്മുകളിലും ബാങ്കുകളിലും സാനിറ്റൈസര്‍ നിര്‍ബന്ധം; ഉത്തരവ്

പത്തനംതിട്ട: ജില്ലയില്‍ കോവിഡ് 19 രോഗബാധ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ എടിഎമ്മുകളിലും ബാങ്കുകളിലും സാനിറ്റൈസര്‍ നിര്‍ബന്ധമാക്കണമെന്ന് ജില്ലാ കലക്ടര്‍ പി.ബി നൂഹ് പറഞ്ഞു.

ജില്ലയില്‍ ഇതുവരെയായി 838 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 244 പേര്‍ക്ക് സമ്ബര്‍ക്കം വഴിയാണ് രോഗം പകര്‍ന്നിട്ടുള്ളത്. ഇവരുടെ സമ്ബര്‍ക്കം പൂര്‍ണമായും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആരോഗ്യ വകുപ്പ് കാര്യക്ഷമമായി ഇടപെടുകയും സമ്ബര്‍ക്ക പട്ടിക തയാറാക്കുകയും വീട് വീടാന്തരം കയറി പലതരത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നുണ്ട്. പത്തനംതിട്ട നഗരസഭയിലെ എല്ലാ വാര്‍ഡുകളും, കോവിഡ് രോഗവ്യാപനം കൂടുതലുള്ള ജില്ലയിലെ മറ്റ് ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ചില വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.
കോവിഡ് രോഗവ്യാപനത്തിന്റെ ആദ്യഘട്ടങ്ങളില്‍ ജില്ലയിലെ എല്ലാ ബാങ്കുകളിലും, എടിഎമ്മുകളിലും ബ്രേക്ക് ദ ചെയിന്‍ കാമ്ബയിന്റെ ഭാഗമായി സാനിറ്റൈസറുകള്‍ ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കിയിരുന്നു. എന്നാല്‍, കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയിലെ പല ബാങ്കുകളിലും, എടിഎമ്മുകളിലും സാനിറ്റൈസറുകള്‍ ലഭ്യമല്ല എന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്രതലങ്ങളിലൂടെ കോവിഡ് വൈറസ് മറ്റൊരാളിലേക്ക് പകരുമെന്നതിനാല്‍ ഇത്തരം എടിഎമ്മുകളിലൂടെ കൂടുതല്‍ പേര്‍ക്ക് രോഗവ്യാപനം ഉണ്ടാകാന്‍ സാധ്യത നിലനില്‍ക്കുന്നു.

ഈ സാഹചര്യത്തില്‍ എല്ലാ ബാങ്കുകളിലും എടിഎമ്മുകളിലും ചുമതലയുള്ള ബാങ്ക് ഉദ്യോഗസ്ഥന്‍ /ഉദ്യോഗസ്ഥ ആവശ്യത്തിന് സാനിറ്റൈസര്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണം. ഇതിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രധാന കാര്യാലയത്തില്‍ നിന്നും ജില്ലയിലെ എല്ലാ ബാങ്ക് മേലധികാരികള്‍ക്കും നല്‍കണം. ബ്രേക്ക് ദി ചെയിന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാത്ത ബാങ്കുകള്‍, എടിഎമ്മുകള്‍ 2005 ലെ ദുരന്ത നിവാരണ നിയമ പ്രകാരം അടച്ചു പൂട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകള്‍ ഇക്കാര്യങ്ങള്‍ പരിശോധിച്ച്‌ റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *