തരിശു നിലങ്ങളില്‍ കൃഷിയിറക്കുന്ന പദ്ധതിയുടെ ഭാഗമായി ആറന്മുളയില്‍ നെല്‍കൃഷിക്ക് തുടക്കമായി. ഇന്ന് രാവിലെ 11 ഓടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിത്തെറിഞ്ഞ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ആറന്മുളയിലെ കര്‍ഷകരും കൃഷിവകുപ്പും സംയുക്തമായാണ് ഇവിടെ കൃഷിയിറക്കുക.
ആറന്മുള വിമാനത്താവളം പദ്ധതിക്കായി മണ്ണിട്ടു നികത്തിയ സ്ഥലമടക്കമുള്ള 58 ഹെക്ടര്‍ സ്ഥലത്താണ് കൃഷി ഇറക്കുന്നത്. ആറന്മുള എഞ്ചിനിയറിംഗ് കോളജിന് എതിര്‍വശത്തുള്ള സ്ഥലത്താണ് മുഖ്യമന്ത്രി വിത്തു വിതച്ചത്. കുട്ടനാട് അടക്കമുള്ള സ്ഥലങ്ങളില്‍ നിന്നെത്തിച്ച യന്ത്രസാമഗ്രികള്‍ ഉപയോഗിച്ചാണ് കഴിഞ്ഞ 16 വര്‍ഷമായി തരിശു കിടന്നിരുന്ന സ്ഥലം കൃഷിയോഗ്യമാക്കിയത്.

തരിശുനിലത്ത് കൃഷിയിറക്കുമെന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രഖ്യാപനം നടപ്പാക്കുന്നതിന്റെ തുടക്കമാണ് ആറന്മുളയിലേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് നെല്‍കൃഷി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കും. ഇത്തരത്തില്‍ കൂടുതല്‍ ഇടങ്ങളില്‍ കൃഷിയിറക്കും. ഇതിനായി കര്‍ഷകരുടെ പക്കലുള്ള നിലങ്ങളിലാകും ആദ്യഘട്ടത്തില്‍ കൃഷി ഇറക്കുക.
പച്ചക്കറി കൃഷിയും ഇത്തരത്തില്‍ വ്യാപകമാക്കും. അങ്ങനെ പച്ചക്കറിയുടെ കാര്യത്തില്‍ സംസ്ഥാനത്തെ സ്വയംപര്യാപ്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആറന്മുളയില്‍ വിമാനത്താവളം വേണ്ടെന്ന അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
കൃഷിയിറക്കല്‍ സംബന്ധിച്ച് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്ക് കൃഷിമന്ത്രി സുനില്‍കുമാര്‍ മറുപടി പറഞ്ഞു. സര്‍ക്കാര്‍ സ്ഥലത്തിനു പകരം സ്വകാര്യ സ്ഥലത്ത് കൃഷിയിറക്കി സര്‍ക്കാര്‍ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണ് എന്നായിരുന്നു ഉയര്‍ന്നുവന്ന പ്രധാന ആരോപണം.
എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്നും ഇന്ന് വിത്തുവിതച്ച സ്ഥലം സര്‍ക്കാര്‍ അധീനതയിലുള്ളതാണെന്നും ഇവിടെ കോളജ് ഗ്രൗണ്ട് വരില്ലെന്നും മന്ത്രി പ്രതികരിച്ചു. എന്നാല്‍ വ്യവസായമേഖലാ പ്രഖ്യാപനം റദ്ദു ചെയ്യാതെ വിമാനത്താവളത്തിനായി കെ.ജി.എസ് കമ്പനി മണ്ണിട്ടു നികത്തിയ സ്ഥലത്ത് കൃഷിയിറക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍, ജലവിഭവമന്ത്രി മാത്യു ടി. തോമസ്, എം.എല്‍.എമാരായ വീണാ ജോര്‍ജ്, രാജു ഏബ്രഹാം, ജില്ലാ കലക്ടര്‍ ആര്‍. ഗിരിജ, മുന്‍ എം.എല്‍.എ എം. പത്മകുമാര്‍, സി.പി.എം ജില്ലാ സെക്രട്ടറി എ.പി. ഉദയഭാനു, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍, റവന്യൂ-തദ്ദേശവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.













