സിവിക് ചന്ദ്രൻ ഒളിവിൽ തന്നെ, ദലിത് എഴുത്തുകാരിയുടെ പീഡനാരോപണക്കേസിൽ പൊലീസിന് നിസംഗത

കോഴിക്കോട്: ലൈംഗീകപീഡനക്കേസിൽ പ്രതിയായ അധ്യാപകനും എഴുത്തുകാരനും മുൻ നക്സലൈറ്റുമായ സിവിക് ചന്ദ്രൻ ഒളിവിൽ തന്നെ. കേസെടുത്തിട്ട് നാലുദിവസം കഴിഞ്ഞിട്ടും പൊലീസിന് പ്രതിയെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ കഴിഞ്ഞിട്ടില്ല. പ്രതി ഒളിവിൽ ആണെന്നാണ് കൊയിലാണ്ടി പൊലീസ് നൽകുന്ന വിശദീകരണം. ദലിത് എഴുത്തുകാരിയുടെ പീഡനാരോപണക്കേസിൽ ലൈംഗിക അതിക്രമത്തിനും പട്ടികജാതിക്കാർക്കെതിരെയുള്ള അക്രമത്തിനുമാണ് ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുള്ളത്.

എത്രയും വേഗം സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യണമെന്ന് എഴുത്തുകാരികൾ അടക്കമുള്ളവർ സംസ്ഥാന സർക്കാരിനോടും ആഭ്യന്തരവകുപ്പിനോടും ആവശ്യപ്പെട്ടു. പ്രശസ്ത എഴുത്തുകാരിയും സ്ത്രീമുന്നേറ്റ പ്രവർത്തകയുമായ സി എസ് ചന്ദ്രിക എത്രയും പെട്ടെന്ന് സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സിവിക് ചന്ദ്രൻ നിയമത്തിന് മുന്നിൽ കീഴടങ്ങണമെന്ന് യുവ എഴുത്തുകാർ ഉൾപ്പെടെയുള്ളവരും സാമൂഹ്യമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. സിവിക് ചന്ദ്രൻ മറ്റ് ചില ദലിത് പെൺകുട്ടികളോടും ലൈംഗികാതിക്രമം നടത്തിയിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ടെന്നും പരാതി കൊടുത്ത സാഹിത്യകാരിയല്ലാതെ വെറെയും പെൺകുട്ടികൾ അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും അവരിൽ ഒരു പെൺകുട്ടിയോട് താൻ നേരിട്ട് സംസാരിച്ചതും വിവരങ്ങൾ അറിഞ്ഞതുമാണെന്നും സി എസ് ചന്ദ്രിക തന്റെ സാമൂഹ്യമാധ്യമക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

സിവിക് ചന്ദ്രന്റെ അടുത്ത സുഹൃത്തുക്കളും പാഠഭേദം പ്രവർത്തകരിലെ പ്രമുഖരും ഇതിനിടെ ഇയാൾക്ക് മുൻകൂർ ജാമ്യം ലഭിക്കുന്നതിന് കോഴിക്കോട്ടെയും ഹൈക്കോടതിയിലെയും പ്രമുഖ അഭിഭാഷകരെ ബന്ധപ്പെട്ടതായി വിവരമുണ്ട്. മുൻകൂർ ജാമ്യത്തിന്റെ വിവരങ്ങൾ അറിയുന്നതുവരെ ഇയാൾ ഒളിവിൽ തുടരാനാണ് സാധ്യത. അതിനിടെ തന്നെ ഇയാളെ കണ്ടെത്തി അറസ്റ്റ് നടപടി ഉണ്ടാകണമെന്നാണ് വനിതാ ആക്ടിവിസ്റ്റുകൾ ഉൾപ്പെടെയുള്ളവരുടെ ആവശ്യം. പ്രമുഖർ കേസിൽപ്പെട്ടാൽ മെല്ലെപ്പോക്ക് നടപടികൾ പൊലീസിന്റെ ഭാഗത്തുനിന്നും സ്ഥിരമായി ഉണ്ടാകുന്നത് സിവിക് ചന്ദ്രന്റെ കേസിലും തുടരുന്നതായും ആക്ഷേപമുണ്ട്.

കേസെടുത്തിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും ഇയാളെക്കുറിച്ച് പൊലീസിന് യാതൊരു വിവരങ്ങളും അറിയില്ലെന്ന മറുപടി നിയമവ്യവസ്ഥയെ കൊഞ്ഞനം കുത്തുന്നതിന് തുല്യമാണെന്നും ഇവർ വ്യക്തമാക്കുന്നു. സിവിക് ചന്ദ്രന്റെ അടുത്ത ബന്ധുക്കള്‍ സര്‍ക്കാര്‍ തലത്തില്‍ സ്വാധീനമുള്ള ഉദ്യോഗങ്ങളില്‍ ഉള്ളതിനാല്‍ അത്തരത്തിലുള്ള ഇടപെടലുകളും അറസ്റ്റ് വൈകാന്‍ കാരണമാകുന്നതായി സംശയിക്കേണ്ടിയിരിക്കുന്നതായും ആക്ടിവിസ്റ്റുകള്‍ ആരോപിക്കുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *