മെയ്ദിന കായികമേള, സിഐടിയുവിന്റെ പ്രായോജകര്‍ മുത്തൂറ്റ്………!


സര്‍വരാജ്യത്തൊഴിലാളിവര്‍ഗത്തിന്റെ അഭിമാന ദിവസമായ മെയ് ഒന്ന് കേരളത്തിലെ തൊഴിലാളി വര്‍ഗം ആഘോഷിക്കുമ്പോള്‍ സ്‌പോണ്‍സര്‍മാരായി മുത്തൂറ്റ് ഫിനാന്‍സ് അല്ലാതെ മറ്റാര്!


മെയ് ഒന്നിന് ഇനിയും ദിവസങ്ങള്‍ ബാക്കി. സിഐടിയു ആഘോഷം തുടങ്ങിക്കഴിഞ്ഞു. എറണാകുളത്തെ ഏലൂരില്‍ സിഐടിയു സംഘടിപ്പിച്ച സംസ്ഥാന മെയ്ദിന കായിക മേളയിലാണ് മുത്തൂറ്റ് ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്ത ഫുട്‌ബോള്‍ ടീം ഇറങ്ങിയത്.


ഏലൂരിലെ ഫാക്ട് ഗ്രൗണ്ടിലാണ് മെയ്ദിന കായികമേള ഇന്നലെ ആരംഭിച്ചത്. സിഐടിയുവിന്റെ കോട്ടയം ജില്ലാ ഫുട്‌ബോള്‍ ടീമാണ് മുത്തൂറ്റ് ഫിനാന്‍സ് എന്നു രേഖപ്പെടുത്തിയ ജേഴ്‌സി അണിഞ്ഞിറങ്ങിയത്. സിഐടിയുവിന്റെ മുത്തൂറ്റ് എംപ്ലോയീസ് യൂണിയന്‍ മൂത്തുറ്റ് ഫിനാന്‍സിനെ പൂട്ടിക്കാന്‍ നടത്തിയ സമരം ആരും മറന്നിട്ടില്ല. ശക്തമായ സമരം പിന്നീട് മാനേജ്‌മെന്റുമായി നടത്തിയ ഒത്തുകളിയുടെ ഭാഗമായി പിന്‍വലിക്കുകയായിരുന്നെന്നും ആരോപണമുയര്‍ന്നിരുന്നു.

ആ ആരോപണം ശരിവെക്കുന്ന ദൃശ്യമാണ് ഏലൂരിലെ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ കണ്ടത്. സിഐടിയുവിന്റെ സംസ്ഥാന സെക്രട്ടറി കെ. എന്‍. ഗോപിനാഥാണ് മെയ്ദിന കായിക മേളയുടെ ജനറല്‍ കണ്‍വീനര്‍. മുന്‍ എംപിയും സിഐടിയു ദേശീയ നേതാവുമായ കെ. ചന്ദ്രന്‍ പിള്ളയാണ് ചെയര്‍മാന്‍. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എറണാകുളം ജില്ലാ പ്രസിഡന്റ കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനാണ് രക്ഷാധികാരി.



Sharing is Caring