കുഞ്ഞുവിഷമങ്ങൾ

മുതിർന്നവർ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങളെ കുറിച്ച് നാം ഏറെ ചർച്ച ചെയ്യാറുണ്ട്. എന്നാൽ കുഞ്ഞുങ്ങൽ അനുഭവിക്കുന്ന മാനസിക വിഷമങ്ങൾക്ക് വേണ്ട വിധത്തിലുള്ള പരിഗണന നമ്മൾ കൊടുക്കുന്നുണ്ടോ? കുഞ്ഞുങ്ങളിൽ നിഷ്കളങ്കതയും സന്തോഷവും മാത്രമല്ല. നമ്മൾ കാണാതെപോകുന്ന അവർ അനുഭവിക്കുന്ന മാനസിക വിഷമങ്ങളെ കുറിച്ചും അറിയേണ്ടതുണ്ട്. അച്ഛനും അമ്മയും മാത്രമടങ്ങുന്ന ലോകമല്ല അവരുടേത്. സാമൂഹിക ജീവിതത്തിന്റെ ഭാഗമാകുമ്പോൾ അവരും പലതരത്തിലുള്ള സമ്മർദ്ദങ്ങൾ നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെ മുതിർന്നവർക്ക് മാത്രമാണ് സമ്മർദ്ദം എന്ന് കരുതി കുഞ്ഞുങ്ങളുടെ വിഷമങ്ങൾ കണ്ടില്ലെന്ന് നടിക്കരുത്.

ബന്ധുക്കളിൽ നിന്നുള്ള പെരുമാറ്റം, ക്ലാസ് മുറികളിൽ അവരേൽക്കുന്ന പരിഹാസം, മുതിർന്നവരുടെ കുത്തുവാക്കുകൾ ഇതെല്ലാം കുഞ്ഞുങ്ങളിലെ സമ്മർദ്ദത്തിന് കാരണമാണ്. ഇത് പല രീതിയിൽ അവരെ ബാധിക്കുന്നുമുണ്ട്. മുതിർന്നവരെ പോലെയല്ല, ചെറിയ കാര്യങ്ങൾ പോലും കുട്ടികളെ വിഷമിപ്പിച്ചേക്കാം. കൂട്ടുകാരിൽ നിന്നും അധ്യാപകരിൽ നിന്നും ചുറ്റുമുള്ള പലരിൽ നിന്നും മാനസിക സമ്മർദ്ദം ഉണ്ടാകുന്ന പ്രശ്നങ്ങൾ അവർ നേരിട്ടേക്കാം. മാതാപിതാക്കൾ പഠന കാര്യങ്ങളിലും മറ്റും കുട്ടികളിൽ ഏൽപ്പിക്കുന്ന അമിത പ്രതീക്ഷ, മറ്റുള്ളവരിൽ നിന്നേൽക്കുന്ന കളിയാക്കലുകൾ, മോശമായ കുടുംബാന്തരീക്ഷം ഇതെല്ലാം കുട്ടികളിൽ ഉണ്ടാകുന്ന പ്രഹരം വളരെ വലുതാണ്.

എന്തെല്ലാം പ്രശ്നങ്ങളാണ് ഇത് കൊണ്ട് കുട്ടികൾ നേരിടുന്നത്…

കുട്ടികളിലെ സമ്മർദ്ദം അവരുടെ പെരുമാറ്റ രീതിയെ കാര്യമായി തന്നെ ബാധിക്കുന്നു. ഉറക്കമില്ലായ്മ, ഉത്കണ്ഠ, പേടി, അമിതമായ ആകാംഷ, പഠനത്തോടുള്ള താത്പര്യ കുറവ് ഇതിലേക്കെല്ലാം വഴിതെളിയിക്കും. മാത്രവുമല്ല ഇത് വേണ്ട രീതിയിൽ പരിഗണിച്ചില്ലെങ്കിൽ കുട്ടികളെ പല രീതിയിലും ഇത് ബാധിക്കും. ശാരീരിക വൈഷമ്യങ്ങൾക്ക് വരെ ഇത് കാരണമാകാം.

കുട്ടികളിലെ അനുസരണക്കേടും ദേഷ്യവും വഴക്കിടാനുള്ള പ്രവണതയുമെല്ലാം അവർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങളിൽ നിന്ന് ഉടലെടുക്കുന്നതാകാം. ഇത് കുട്ടികളുടെ പഠനത്തെയും സാമൂഹിക ജീവിതത്തെയും ബാധിക്കും. പെരുമാറ്റ വൈകല്യങ്ങൾ തന്നെ കുട്ടികളെ സാമൂഹിക ഇടപെടലിൽ നിന്ന് പിന്നോട്ട് വലിച്ചേക്കാം. ചില കുട്ടികളിൽ കാണുന്ന ദേഷ്യവും മോഷണ ശ്രമങ്ങളും ക്രൂരതയും സാധനങ്ങൾ നശിപ്പിക്കാനുള്ള പ്രവണതയുമെല്ലാം ഇതിൽ നിന്ന് ഉടലെടുക്കുന്നതാകാം.

എങ്ങനെ കുട്ടികളെ സഹായിക്കാം…

മാനസികമായി കുട്ടികളെ തളർത്താതിരിക്കുക. അവരുടെ പോരായ്മകളെയും പരാജയങ്ങളെയും ചൂണ്ടിക്കാണിച്ച് അവരെ മുറിവേൽപ്പിക്കാതിരിക്കുക. അവരുടെ പ്രശ്നങ്ങളിൽ കൂടെ നിർത്താനും അവരെ ചേർത്തുപിടിക്കാനും രക്ഷിതാക്കൾക്കാകണം. തനിക്ക് ഒരു പ്രശ്നം വന്നാൽ രക്ഷിതാക്കളോട് പറയാൻ അവർക്ക് പറ്റണം. അവരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ച്ചകൾ എടുത്ത് പറഞ്ഞ് അവരെ തളർത്താതിരിക്കുക പകരം അവരുടെ തെറ്റുകൾ പറഞ്ഞ് മനസിലാക്കി കൊടുക്കുക. ഇതേ സമീപനം തന്നെയാണ് അധ്യാപകരും കൈക്കൊള്ളേണ്ടത്. കുട്ടികളെ പരസ്യമായി വിചാരണ ചെയ്യാതിരിക്കുക. അവർക്ക് വേണ്ട പരിഗണനയും സഹായവും നൽകുക. അവരെ ചേർത്തുനിർത്താൻ ശ്രമിക്കുക.

ഓരോ കുട്ടിയും വ്യത്യസ്തരാണ്. വ്യത്യസ്തമായ കഴിവുകളുമായിരിക്കും അവർക്കുള്ളത്. അത് കൊണ്ട് തന്നെ കുട്ടികളെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്താതിരിക്കുക. നമുക്ക് നിസാരമെന്ന് തോന്നുന്ന കാര്യങ്ങൾ കുട്ടികൾക്ക് അങ്ങെയായിരിക്കണമെന്നില്ല. എല്ലാത്തിനുമുപരി അവരുമായി മികച്ച ആശയവിനിമയം നടത്തുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *