കോവിഡ് വ്യാപനം;പ്രധാന മന്ത്രി മുഖ്യമന്ത്രിമാരെ വിളിച്ചു ചേർക്കുന്ന യോഗം ഇന്ന്

രാജ്യത്ത് കോവിഡ് കേസുകള് വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സ്ഥിതിഗതികള്‍ വിലയിരുത്തും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് അവലോകന യോഗം.

യോഗത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ,കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കും. നാലാം തരംഗ ഭീഷണി രാജ്യത്ത് നിലനില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്താണ് വീണ്ടും യോഗം വിളിച്ച് ചേര്‍ത്തത്. എന്നാല്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

കോവിഡ് വ്യാപനം സാഹചര്യം, വാക്‌സിന്‍ വിതരണത്തിലെ തല്‍സ്ഥിതി, ആരോഗ്യ സംവിധാനങ്ങളിലെ തയ്യാറടുപ്പുകള്‍ എന്നിവ യോഗത്തില്‍ വിലയിരുത്തും. സംസ്ഥാനങ്ങളിലെ കോവിഡ് കണക്കുകള്‍ വിലയിരുത്തും. ചില സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നുണ്ട്. ഡല്‍ഹി, പഞ്ചാബ്, ഉത്തര്‍ പ്രദേശ്, ഹരിയാണ, കര്‍ണാടക എന്നിവിടങ്ങളില്‍ മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിലും കേസുകള്‍ വര്‍ദ്ധിക്കുന്നുണ്ട്.

ബൂസ്റ്റര്‍ ഡോസ് വിതരണം വേഗത്തിലാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കും. രാജ്യത്ത് പ്രായപൂര്‍ത്തിയായവരില്‍ 86 ശതമാനത്തിലധികം പേരും ഇപ്പോള്‍ പൂര്‍ണമായി വാക്‌സിനേഷന്‍ എടുത്തിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.

6 മുതല്‍ 12 വയസ് വരെയുള്ള കൂട്ടികള്‍ക്ക് ഭാരത് ബയോടെക്കിന്റെ കോവാക്സിന് നല്‍കാന്‍ ഇന്നലെ അനുമതിയായിരുന്നു. ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഎ)ആണ് നിയന്ത്രിത അടിയന്തര ഉപയോഗത്തിന്് അനുമതി നല്‍കിയത്. അഞ്ച് മുതല്‍ പന്ത്രണ്ട് വയസ് വരെയുള്ള കുട്ടികള്‍ക്കായി കോര്‍ബേവാക്സ് വാക്സിനും അടിയന്തര ഉപയോഗ അനുമതി നല്‍കിയിട്ടുണ്ട്.

നിലവില്‍ 12 മുതല്‍ 14 വയസ് പ്രായമുള്ള കുട്ടികള്‍ക്കാണ് കോര്‍ബേവാക്സ് നല്‍കുന്നത്. 15നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കോവാക്സിനാണ് പ്രധാനമായി നല്‍കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *