
മുഖ്യമന്ത്രി സിദ്ധരാമയ്യ തെരഞ്ഞെടുപ്പിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അടുത്ത തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ല. സ്നേഹത്തോടെ വീണ്ടുംവീണ്ടും മത്സരിക്കാൻ ആളുകൾ എന്നോട് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, ആരോഗ്യസ്ഥിതി കണക്കിലെടുത്ത് മത്സരിക്കാനാകില്ല -മുഖ്യമന്ത്രി മൈസൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ആശങ്കയുണ്ടെങ്കിൽ അത് മാനസിക പിരിമുറുക്കം സൃഷ്ടിക്കും.
തനിക്ക് ആശങ്കകളൊന്നുമില്ല. അതിനാൽ ശാന്തനാണ്. അതുതന്നെയാണ് ആരോഗ്യരഹസ്യവും. സ്നേഹത്തോടെ വീണ്ടും വീണ്ടും മത്സരിക്കാൻ ആളുകൾ എന്നോട് ആവശ്യപ്പെട്ടു. പക്ഷേ, ഞാൻ വിരമിക്കാൻ തീരുമാനിച്ചു. അടുത്ത നാല് വർഷത്തിനുള്ളിൽ തനിക്ക് 83 വയസ്സ് തികയും. അപ്പോൾ ഇത്രയും ആവേശത്തോടെ പ്രവർത്തിക്കാൻ കഴിയില്ലല്ലോ.തന്റെ ശരീരത്തിന്റെ അവസ്ഥ തനിക്ക് മാത്രമേ അറിയൂ. ഈ അവസ്ഥയാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയം മതിയെന്ന് കരുതാൻ കാരണമെന്ന് സിദ്ധരാമയ്യ പറഞ്ഞു.

