വയനാട് സുഗന്ധഗിരിയിൽ അനധികൃതമായി മരം മുറിച്ച കേസിലെ ആകെയുള്ള ഒമ്പതു പ്രതികളും പിടിയിൽ. സൗത്ത് വയനാട് ഡി.എഫ്.ഒയുടെ നിർദേശ പ്രകാരം കൽപറ്റ റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ. നീതുവും സംഘവുമാണ് അറസ്റ്റ് ചെയ്തത്.
കണിയാമ്പറ്റ കാഞ്ഞിരം കോട്ടിൽ പ്രിൻസ്(26), വൈത്തിരി കാരിക്കകത്ത് അബൂത്വാഹിർ (42), കോഴിക്കോട് ദ്വാരക നാഗോട്ടി പറമ്പ് സുധീർ കുമാർ (62), കോഴിക്കോട് മാണ്ടോടി ഹനീഫ (58), കോഴിക്കോട് പുഴ കുന്നുമ്മൽ ഹസൻ കുട്ടി (56), മണൽ വയൽ ഇരഞ്ഞിക്കൽ അബ്ദുൽ നാസർ (49), മുട്ടിൽ വെറ്റിലപ്പള്ളി ഇബ്രാഹിംകുട്ടി (51), മുട്ടിൽ അതിലക്കുഴി ചന്ദ്രദാസ് (50), മീനങ്ങാടി എണ്ണപ്പാടം വീട് അബ്ദുൽ മജീദ് (37) എന്നിവരാണ് പിടിയിലായത്. ഇതിൽ ആദ്യത്തെ മൂന്നുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മറ്റ് ആറു പേരും കൽപറ്റ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും തള്ളുകയായിരുന്നു. ഇതേ തുടർന്നാണ് അവരെയും അറസ്റ്റുചെയ്തത്. ഇവരെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.ചുണ്ടേൽ, കരണി എന്നിവിടങ്ങളിൽ നിന്നാണ് ഇവർ പിടിയിലായത്. മുറിച്ച മരങ്ങൾ കടത്താൻ ഉപയോഗിച്ച ക്രെയിനിലെയും ട്രാക്ടറിലെയും ജീവനക്കാരടക്കമാണ് അറസ്റ്റിലായവർ.
മരം കയറ്റാൻ ഉപയോഗിച്ച ക്രെയിൻ അമ്പലവയലിൽ നിന്നു പിടിച്ചെടുത്തു.ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർമാരായ അരവിന്ദാക്ഷൻ കണ്ടെത്തുപാറ, വി.ആർ. ഷാജി, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ സിയാദ്, നിജീവ്, കിരൺ, ഷിജിത്ത്, അശ്വിൻ, ശ്രീജിത്ത്, അനിൽകുമാർ, ഡ്രൈവർ സതീശൻ, വാച്ചർമാരായ ഷഫീക്ക്, സലീം എന്നിവരാണ് വനംവകുപ്പ് സംഘത്തിലുണ്ടായിരുന്നത്.













