പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ പരിശോധനയില്‍ 1.7 കോടിരൂപ വിലമതിക്കുന്ന ചരസ് കണ്ടെത്തി

പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ അന്താരാഷ്ട്ര വിപണിയില്‍ 1.7 കോടിരൂപ വിലമതിക്കുന്ന മാരക ലഹരിമരുന്നായ ചരസ് കണ്ടെത്തി. ഷാലിമാര്‍-തിരുവനന്തപുരം എക്‌സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ഉടമസ്ഥനില്ലാത്ത ബാഗില്‍ നിന്നാണ് ചരസ് പിടികൂടിയത്. പാലക്കാട് ആര്‍.പി.എഫ്. ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും പാലക്കാട് എക്‌സൈസ് സര്‍ക്കിളും സംയുക്തമായാണ് പരിശോധന നടത്തിയത്. കൂടിയ അളവില്‍ കഞ്ചാവ് കടത്തുമ്പോള്‍ പിടിക്കപ്പെടുമെന്ന കാരണത്താല്‍ കഞ്ചാവ് സംസ്‌കരിച്ച് ചരസാക്കി മാറ്റി ട്രെയിന്‍ വഴി കടത്തുന്ന ലഹരി മാഫിയയുടെ ശ്രമമാണ് പൊളിഞ്ഞത്.

ലഹരിമരുന്ന് കടത്തിയ പ്രതിയെ കണ്ടെത്തുന്നതിന് എക്‌സൈസും ആര്‍.പി.എഫും അന്വേഷണം ഊര്‍ജിതമാക്കി. സംസ്ഥാനത്ത് ഇത്രയും കൂടിയ അളവില്‍ ചരസ് പിടികൂടുന്നത് അടുത്തകാലത്ത് ആദ്യമാണ്. ദക്ഷിണ റെയില്‍വേ ആര്‍.പി.എഫ്. ഐ.ജി. ജി.എം. ഈശ്വരറാവുവിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് ഡിവിഷണല്‍ സെക്യൂരിറ്റി കമ്മിഷണര്‍ അനില്‍കുമാര്‍ നായരുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പ്രത്യേക പരിശോധന നടത്തിയത്. 

ആര്‍.പി.എഫ്. സി.ഐ. എന്‍. കേശവദാസ്, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ. സതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ആര്‍.പി.എഫ്. എസ്.ഐ.മാരായ എ.പി. ദീപക്, അജിത് അശോക്, എ.എസ്.ഐ. കെ. സജു, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ എന്‍. അശോക്, ഒ.കെ. അജീഷ്, കോണ്‍സ്റ്റബിള്‍ പി.പി. അബ്ദുള്‍ സത്താര്‍, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ കെ. പ്രസാദ്, എം. സുരേഷ്‌കുമാര്‍, സി.ഇ.ഒ.മാരായ എ. സാദത്ത്, അനില്‍കുമാര്‍ എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *