ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടെ ശതാബ്‌ദി ആഘോഷങ്ങള്‍ സമാപിച്ചു

കോഴിക്കോട്: 1925 ഫെബ്രുവരി 13-ന് ആരംഭിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎല്‍സിസിഎസ്) നൂറു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ മികവുമായി സംഘടിപ്പിച്ച ശതാബ്‌ദി ആഘോഷങ്ങള്‍ സമാപിച്ചു. ദീർഘവീക്ഷണമുള്ള പരിഷ്‌ക്കർത്താക്കളുടെ ഒരു ചെറിയ സംഘമായി ആരംഭിച്ചത് ലോകത്തിലെ രണ്ടാമത്തെ വലിയ ലേബർ കോൺട്രാക്റ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആയി വളര്‍ന്ന് മുന്നേറി. ഭരണ സംവിധാനത്തോടുള്ള പ്രതിബദ്ധത, അതിജീവനശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹിക-സാമ്പത്തിക പുരോഗതി എന്നിവയാൽ യുഎല്‍സിസിഎസ് വേറിട്ടുനിൽക്കുന്നു.

യുഎല്‍സിസിഎസിന്‍റെ സബ്സിഡിയറിയായ സര്‍ഗാലയ ആര്‍ട്ട്സ് ആന്‍റ് ക്രാഫ്റ്റ് വില്ലേജില്‍ ‘ക്രിയാത്മകത, സ്വാതന്ത്ര്യം- വെല്ലുവിളികളും അവസരങ്ങളും’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി നടത്തിയ വനിതാസെമിനാറും കലാകായികമേളകളും കുടുംബമേളയുമായി ദിവസങ്ങൾ നീണ്ട ആവേശകരമായ പരിപാടികളുമായാണ് ശതാബ്ദി ആഘോഷങ്ങള്‍ക്കു പരിസമാപ്തിയായത്. നാടകം, മോഹിനിയാട്ടം, സംഘനൃത്തം, തിരുവാതിര, ചെണ്ടമേളം, മാപ്പിളപ്പാട്ട്, ലളിതഗാനം, കേരളത്തിന്‍റെ സമ്പന്നമായ കലാപാരമ്പര്യം വിളിച്ചോതുന്ന ലൈവ് പരിപാടികള്‍ തുടങ്ങി നിരവധി സാംസ്ക്കാരിക പരിപാടികള്‍ ശതാബ്‌ദിയുടെ ഭാഗമായി അരങ്ങേറി.

എം. വി. ഗോവിന്ദൻ മാസ്റ്റർ, ബിനോയ് വിശ്വം, ഡോ. എം. കെ. മുനീർ, ജനതാദൾ എസ് നേതാവ് സി. കെ. നാണു തുടങ്ങി സംസ്ഥാനത്തെ എല്ലാ പ്രമുഖ രാഷ്ട്രീയപ്പാർട്ടികളുടെയും നേതാക്കൾ അഭിസംബോധന ചെയ്ത പരിപാടിയിൽ ആരോഗ്യ, വനിതാ, ശിശുക്ഷേമ മന്ത്രി വീണാ ജോര്‍ജ്ജ്, സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി ശ്രീദേവി തുടങ്ങി പ്രമുഖർ പങ്കെടുത്തു. ടി പദ്‌മനാഭന്‍, ആര്‍ രാജശ്രീ, വിധു വിന്‍സെന്‍റ്, ജഗദീഷ്, ശങ്കര്‍ രാമകൃഷ്ണന്‍, വിഴിഞ്ഞം തുറമുഖ മാനേജിങ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ശീതള്‍ ശ്യാം തുടങ്ങിയ പ്രമുഖരും പരിപാടികളിൽ പങ്കെടുത്തു. ഊരാളുങ്കല്‍ സൊസൈറ്റിയുടെ തൊഴിലാളികളുടെ മികവിനെയും സമൂഹത്തിന്‍റെ വ്യക്തിത്വം രൂപപ്പെടുത്താന്‍ അവര്‍ വഹിച്ച പങ്കിനേയും പങ്കെടുത്തവർ പ്രകീര്‍ത്തിച്ചു.

കൂടുതല്‍ പുതുമകളും സാമൂഹ്യ വികസന പദ്ധതികളും ആരംഭിക്കുന്നതിന്‍റെ തുടക്കം മാത്രമാണ് തങ്ങളുടെ ശതാബ്ദിയാഘോഷമെന്ന് യുഎല്‍സിസിഎസ് ചെയര്‍മാന്‍ രമേശന്‍ പാലേരി ചൂണ്ടിക്കാട്ടി. ലളിതമായ ഒരു തുടക്കത്തില്‍ നിന്ന് സുസ്ഥിര പുരോഗതിയുടെ സഹകരണ മാതൃകയായി ഉയര്‍ന്ന തങ്ങളുടെ പ്രയാണം അതിജീവനത്തിന്‍റെയും പുതുമകളുടേയും യോജിച്ചുള്ള വളര്‍ച്ചയുടേയും ഉദാഹരണമാണ്. സമൂഹത്തെ ശാക്തീകരിക്കാനും എല്ലാവരേയും ഉള്‍പ്പെടുത്തിയുള്ള വികസനത്തിനും തങ്ങള്‍ പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹ്യ പരിഷ്ക്കര്‍ത്താവായ വാഗ്ഭടാനന്ദനില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് തുടക്കം കുറിച്ച യുഎല്‍സിസിഎസ് സാധാരണ കൂലിപ്പണിയിൽ നിന്നും ഹൈവേകളും സ്മാര്‍ട്ട് സിറ്റികളും ഐടി ഹബ്ബുകളും ഉള്‍പ്പെടെയുള്ള വന്‍കിട പദ്ധതികള്‍ നടപ്പാക്കാൻ കഴിവുള്ള തൊഴില്‍സേനയെ വളർത്തിയെടുത്തു. ഇന്‍റര്‍നാഷണല്‍ കോപ്പറേറ്റീവ് അലയന്‍സില്‍ സ്ഥിരം അംഗത്വമുള്ള ഇന്ത്യയില്‍ നിന്നുള്ള ഏക പ്രാഥമിക കോപ്പറേറ്റീവ് എന്ന ആഗോള അംഗീകാരത്തില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും രമേശന്‍ പാലേരി കൂട്ടിച്ചേര്‍ത്തു. യു-സ്‌ഫിയര്‍ എന്ന പുതിയ തുടക്കത്തിലൂടെ നിര്‍മാണ രംഗത്തു മാറ്റങ്ങള്‍ക്കാണു തങ്ങള്‍ വഴി തുറക്കുന്നത്. നിർമ്മാണ പ്രവർത്തനത്തെ വേഗമേറിയതും പരിസ്ഥിതി സൗഹാര്‍ദ്ദവും സാമ്പത്തികമായി ലാഭകരവും ആക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട തൊഴിലാളികള്‍ക്കു തൊഴില്‍ നല്‍കാന്‍ സ്ഥാപിച്ച ഊരാളുങ്കല്‍ ഇപ്പോള്‍ 18,000 പേര്‍ക്ക് തൊഴില്‍ നല്‍കുകയും 2400 കോടി രൂപയിലേറെ വാര്‍ഷിക വരുമാനമുണ്ടാക്കുകയും ചെയ്യുന്നു. സുപ്രധാന അടിസ്ഥാന സൗകര്യ, ഐടി, ഹൗസിങ്, ശേഷി വികസന പ്രവർത്തനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന യുഎല്‍സിസിഎസ് വളര്‍ച്ചയും സാമൂഹിക ഉത്തരവാദിത്തവും സന്തുലിതമാക്കിയാണ് മുന്നോട്ട് പോകുന്നത്.

സാമൂഹിക വികസനം എന്ന കാഴ്ചപ്പാടില്‍ തുടരുന്നതിന് ഒപ്പം വിവിധ മേഖലകളിലേക്ക് വികസിക്കുമ്പോഴും സുസ്ഥിരത ഉറപ്പു വരുത്തിയാണ് യുഎല്‍സിസിഎസ് മുന്നോട്ടു പോകുന്നത്. അതിന്‍റെ ഐടി വിഭാഗമായ യുഎൽ ടെക്നോളജി സൊല്യൂഷൻസ് കേരളത്തിന്‍റെ ഡിജിറ്റൽ പരിവർത്തനത്തിന് നേതൃത്വം നൽകുന്നു. രണ്ടായിരത്തിലേറെ തൊഴില്‍ സൃഷ്ടിച്ച് യുഎല്‍ സൈബര്‍ പാര്‍ക്ക് ടെക്നോളജി മേഖലയെ ശക്തിപ്പെടുത്തി. ഇപ്പോള്‍ യു-സ്‌ഫിയര്‍ എന്ന സബ്‌സിഡിയറിയുമായി പ്രീഫാബ്രിക്കേറ്റഡ് നിര്‍മാണത്തിലേക്ക് കൂടി യുഎല്‍സിസിഎസ് കടക്കുകയാണ്. സ്‌മാര്‍ട്ട് ആയ, വേഗത്തിലുള്ള സുസ്ഥിര നിര്‍മാണമാണിതിലൂടെ സാധ്യമാക്കുന്നത്. മെറ്റീരിയല്‍ ടെസ്റ്റിങ്, പരിസ്ഥിതി സൗഹാര്‍ദ ടൂറിസം, കേരള ആര്‍ട്ട്സ് ആന്‍റ് ക്രാഫ്റ്റ്സ് വില്ലേജ് തുടങ്ങിയ മറ്റു പദ്ധതികളും യുഎല്‍സിസിഎസ് ഏറ്റെടുത്തിട്ടുണ്ട്.

സാമൂഹ്യ ക്ഷേമത്തില്‍ പ്രതിജ്ഞാബദ്ധരായ യുഎല്‍സിസിഎസ് ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന മുതിര്‍ന്നവരെ പരിശീലിപ്പിക്കുന്ന യുഎല്‍ കെയര്‍ നായനാര്‍ സദനം, മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള യുഎല്‍ കെയര്‍ മടിത്തട്ട്, ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന വനിതകള്‍ക്കായുള്ള യുഎല്‍ കെയര്‍ സര്‍ഗശേഷി തുടങ്ങിയ പദ്ധതികളും നടപ്പാക്കുന്നുണ്ട്.

ഒരു നൂറ്റാണ്ടിന്‍റെ മികവുമായി മുന്നേറുന്ന യുഎല്‍സിസിഎസ് സഹകരണ രംഗത്തെ പുതുമകളുടെ ഭാവിയാണു രൂപപ്പെടുത്തുന്നത്. സുസ്ഥിരത, സാങ്കേതികവിദ്യ, സാമൂഹിക ശാക്തീകരണം തുടങ്ങിയവയെ സംയോജിപ്പിച്ച് യുഎല്‍സിസിഎസ് വരും ദശാബ്ദങ്ങളില്‍ വിജയത്തെ പുനര്‍നിര്‍വചിക്കാന്‍ ഒരുങ്ങുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *