നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ പങ്ക് പുറത്തു വരാതിരിക്കാന്‍ കുടുംബം ഒന്നടങ്കം ശ്രമിച്ചതായി ബാലചന്ദ്രകുമാര്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പങ്ക് പുറത്തു വരാതിരിക്കാന്‍ അദ്ദേഹത്തിന്റെ കുടുംബം ഒന്നടങ്കം ശ്രമിച്ചതായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍. പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് തനിക്ക് അറിയാമായിരുന്നു. ഇക്കാര്യം കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരോട് പറയരുത് എന്ന് ദിലീപിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു എന്നും അദ്ദേഹത്തിന്റെ സുഹൃത്തു കൂടിയായ ബാലചന്ദ്രകുമാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്തു.

ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് എന്നിവരടക്കമുള്ള ബന്ധുക്കളാണ് സംവിധായകനെ നിരന്തരം വിളിച്ച് കൊണ്ടിരുന്നത്. ജാമ്യം ലഭിക്കുന്നത് വരെ പള്‍സര്‍ സുനിയെ ദിലീപിനൊപ്പം വീട്ടില്‍ കണ്ട കാര്യം പൊലീസിനോട് പറയരുത് എന്നാണ് എല്ലാവരും ആവശ്യപ്പെട്ടത് എന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

ദിലീപിന്റെ വീടിന്റെ പാലുകാച്ചലിന് തൊട്ടടുത്ത ദിവസം അവിടെ ചെന്നപ്പോഴാണ് പള്‍സര്‍ സുനിയെ ബാലചന്ദ്രകുമാര്‍ കാണുന്നത്. അവിടെ വെച്ച് അദ്ദേഹത്തെ പരിജയപ്പെട്ടു. സുനി എന്നാണ് പേര് പറഞ്ഞത്. അപ്പോള്‍ പള്‍സര്‍ സുനി എന്ന് പറഞ്ഞാലേ അറിയൂ എന്ന് ദിലീപിന്റെ സഹോദരന്‍ അനൂപ് പറഞ്ഞുവെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. നടിയെ ആക്രമിച്ച സംഭവത്തില്‍ ഒന്നാം പ്രതിയായി പള്‍സര്‍ സുനിയുടെ ചിത്രം കണ്ട് ദിലീപിനെ വിളിച്ച് അന്വേഷിച്ചിരുന്നു. സാറിന്റെ വീട്ടില്‍ കണ്ട പയ്യനല്ലേ പിടിയിലായത് എന്ന് ചോദിച്ചപ്പോള്‍ ഏത് പയ്യനാണെന്ന് ദിലീപ് തിരിച്ചു ചോദിക്കുകയും ബാലുവിന് തെറ്റിയതായിരിക്കുമെന്ന് അദ്ദേഹം പറയുകയും ചെയ്തുവെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

പിന്നീട് തന്റെ കൂടെ സുനിയെ കണ്ട കാര്യം പുറത്ത് പറയരുത് എന്ന് ദിലീപ് ആവശ്യപ്പെട്ടു. ദിലീപ് റിമാന്‍ഡില്‍ ജയിലില്‍ കഴിഞ്ഞപ്പോള്‍ അവിടേക്ക് സംവിധായകനെ വിളിപ്പിച്ച് ഇതേ കാര്യം വീണ്ടും ആവശ്യപ്പെട്ടു. അന്ന് അദ്ദേഹത്തെ ഒരു ജയില്‍പുള്ളിയെ പോലെയല്ല കണ്ടത്. സന്ദര്‍ശകര്‍ക്ക് വിലക്കുള്ള സമയത്ത് ജയില്‍ സൂപ്രണ്ടിന്റെ മുറിയില്‍ വെച്ച് കാണുകയായിരുന്നു എന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി. ദിലീപിനെതിരെ സാക്ഷി പറയരുതെന്ന് ആവശ്യപ്പെട്ട് കാവ്യ പലതവണ വിളിച്ചിരുന്നു. ദിലീപ് തന്നെ ജയിലിലേയ്ക്ക് വിളിപ്പിച്ച ദിവസം ആഹാരം പോലും കഴിച്ചില്ലെന്നാണ് കാവ്യ പറഞ്ഞത് എന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

ദിലീപിനെ സഹായിച്ചതില്‍ കുറ്റബോധമുണ്ട് എന്നും തന്റെ ജീവന് ഇപ്പോള്‍ ഭീഷണിയുണ്ട് എന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. അതിനാലാണ് ഇക്കാര്യങ്ങള്‍ ഇപ്പോള്‍ തുറന്ന് പറയുന്നത് എന്നും അദ്ദേഹം അറിയിച്ചു.ഈ കാര്യങ്ങള്‍ എല്ലാം വ്യക്തമാക്കി ശബ്ദസന്ദേശം ഉള്‍പ്പെടെയുള്ള തെളിവുകള്‍ സഹിതം 30ല്‍ അധികം പേജുകളുള്ള പരാതി ബാലചന്ദ്രകുമാര്‍ മുഖ്യമന്ത്രിക്കും കൈമാറിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *