കാസര്‍കോട്: പോക്കറ്റടിയിലൂടെ കോടികള്‍ സമ്പാദിച്ച് സുഖസുന്ദരമായി ജീവിക്കുന്ന സംഘത്തലവന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍. കാഞ്ഞങ്ങാട് കുശാല്‍ നഗറിലെ റഫീഖ് എന്ന സ്വര്‍ണപ്പല്ലന്‍ റഫീഖ് (42), കൂത്തുപറമ്പ് സ്വദേശിയും കാഞ്ഞങ്ങാട് സൗത്തില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ അഷ്‌റഫ് (29) എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.
മലബാറിലെ വിവിധ ജില്ലകളില്‍ 30 ഓളം വന്‍ പോക്കറ്റടി കേസുകളില്‍ പ്രതികളാണ് ഇവരെന്ന് പൊലീസ് പറയുന്നു. അറസ്റ്റിലായ റഫീഖിന്റെയും അഷ്‌റഫിന്റെയും നേതൃത്വത്തിലുള്ള സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോക്കറ്റടി സംഘത്തില്‍ 30 ഓളം അംഗങ്ങളുണ്ട്. സംഘത്തിന്റെ തലവനായ റഫീഖിന് സ്വന്തമായി ഫഌറ്റും ഇരുനില വീടും കാഞ്ഞങ്ങാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ ബിനാമി പേരുകളില്‍ ഹോട്ടലുകളും കടകളും ഉണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് വെളിപ്പെടുത്തി. റഫീഖ് നേരത്തെ ഒരു തവണ പൊലീസ് പിടിയിലായിരുന്നു. പോക്കറ്റടിച്ച് കിട്ടുന്ന പണം വിനോദയാത്രകള്‍ നടത്താനും സുഖകരമായ ജീവിതത്തിനുമാണ് ചെലവഴിച്ചതെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
പോക്കറ്റടിയിലൂടെ കോടികള്‍ സമ്പാദിച്ച ഇവര്‍ക്ക് വേണ്ടി പൊലീസ് ഊര്‍ജിതമായ തിരച്ചില്‍ നടത്തി വരികയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ചെര്‍ക്കള ഇന്ദിര നഗറില്‍ എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ഒരാളുടെ 1.80 ലക്ഷം രൂപ പോക്കറ്റടിച്ചത് റഫീഖിന്റെ നേതൃത്വത്തിലാണെന്ന് പൊലീസ് പറഞ്ഞു. ബോവിക്കാനത്ത് ബസ് യാത്രക്കാരന്റെ 25,000 രൂപയും പൊയിനാച്ചിയില്‍ വെച്ച് മറ്റൊരു യാത്രക്കാരന്റെ 45,000 രൂപയും റഫീഖ് പോക്കറ്റടിച്ചു. അണങ്കൂരില്‍ വെച്ച് മറ്റൊരു ബസ് യാത്രക്കാരന്റെ 25,000 രൂപ പോക്കറ്റടിച്ചതും ഇതേ സംഘമാണ്. പരിയാരത്ത് 55,000 രൂപയും ഉപ്പള കൈകമ്പയില്‍ 20,000 രൂപയും കോഴിക്കോട് പയ്യോളിയില്‍ 45,000 രൂപയും ഹൊസങ്കടിയില്‍ 4,500 രൂപയും ഇതേ സംഘം പോക്കറ്റടിച്ചു.
ഏപ്രില്‍ 25ന് പൈവളിഗെയിലെ കര്‍ഷകന്‍ യൂസുഫില്‍ നിന്നും ബസ് യാത്രക്കിടയില്‍ 26,000 രൂപ പോക്കറ്റടിച്ച സംഭവത്തിന്റെ അന്വേഷണത്തിലാണ് റഫീഖും അഷ്‌റഫും കുടുങ്ങിയത്. കര്‍ണാടക കെ എസ് ആര്‍ ടി സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന യൂസുഫ് കൈകമ്പയില്‍ എത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ടതറിഞ്ഞത്. ഉടന്‍ സംശയം തോന്നി അഷ്‌റഫിനെ ബസ് യാത്രക്കാര്‍ കയ്യോടെ പിടികൂടി. ഇതിനിടയില്‍ റഫീഖ് പണവുമായി രക്ഷപ്പെട്ടെങ്കിലും പോലീസ് തന്ത്രപൂര്‍വ്വം പിടികൂടുകയായിരുന്നു. റിമാന്റിലായ ഇരുവരേയും കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ കേസുകള്‍ക്ക് തുമ്പുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
FLASHNEWS