തദ്ദേശസ്വയംഭരണ സ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മുന്‍തൂക്കം

AS India Electionsതിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഫലങ്ങള്‍ പുറത്തുവരുമ്പോള്‍ എല്‍.ഡി.എഫിന് മുന്‍തൂക്കം. ഫലമറിഞ്ഞ 26 സീറ്റുകളില്‍ 18 എണ്ണത്തിലും എല്‍.ഡി.എഫ് വിജയിച്ചു. എട്ട് സീറ്റുകളില്‍ യു.ഡി.എഫ് വിജയിച്ച.

കണ്ണൂരില്‍ കോളയാട് പഞ്ചായത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഭരണം നഷ്ടമായി.കോളയാട് പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 144 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫിന്റെ സുധീഷ്‌കുമാറാണ് വിജയിച്ചത്.

പാലക്കാട് വടകരപ്പതി പഞ്ചായത്തിലെ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് എരുമകാരന്നൂര്‍ വാര്‍ഡ് എല്‍.ഡി.എഫ് പിടിച്ചെടുത്തു. എല്‍.ഡി.എഫിലെ കെ.ചിന്നസ്വാമിയാണ് ഇവിടെ വിജയിച്ചത്.

പത്തനംതിട്ട ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപന ഉപതിരഞ്ഞെടുപ്പുകളില്‍ രണ്ടിടത്ത് എല്‍.ഡി.എഫിനും ഒരിടത്ത് യു.ഡി.എഫിനും ജയം.റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ കോണ്‍ഗ്രസിലെ ഏബ്രഹാം തോമസ് 89 വോട്ടിന് ജയിച്ചു. ഇവിടെ കേരള കോണ്‍ഗ്രസ് സൗഹൃദ മത്സരത്തിലൂടെ 50 വോട്ട് നേടി. തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ എല്‍.ഡി.എഫിലെ ബാബു ഏബ്രഹാം 58 വോട്ടിന് ജയിച്ചു. യു.ഡി.എഫില്‍ നിന്ന് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. യു.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണത്തിന് ഭീഷണിയില്ല. തിരുവല്ല നഗരസഭ 17ാം വാര്‍ഡില്‍ എല്‍.ഡി.എഫിലെ ബിജി പ്രസന്നന്‍ 209 വോട്ടിന് ജയിച്ചു. ഇവിടെ ബി.ജെ.പി പിന്തുണയോടെ എല്‍.ഡി.എഫാണ് ഭരിക്കുന്നത്.

ഇടുക്കി കൊക്കയാര്‍ ഗ്രാമപഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വിജയം. ബോയിസ് വാര്‍ഡില്‍ ഡി.സുഗുണനും വെംബ്ലി വാര്‍ഡില്‍ ഇ.ആര്‍. ലക്ഷ്മിക്കുട്ടിയും വിജയിച്ചു. ഇരു വാര്‍ഡിലും യു.ഡി.എഫ്ബി.ജെ.പി സഖ്യത്തെയാണ് തോല്‍പ്പിച്ചത്.

തൃശൂര്‍ ദേശമംഗലം പഞ്ചായത്തിലെ കറ്റുവട്ടൂര്‍ വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സീറ്റ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ പി.ഐ.അബ്ദുള്‍സലാം വിജയിച്ചു. തൃശൂര്‍ പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ സി.പി.എമ്മിന്റെ സിറ്റിങ് സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തു. മൂന്നാം വാര്‍ഡില്‍ കോണ്‍ഗ്രസിലെ പ്രിയ ഗോപിനാഥ് വിജയിച്ചു. പൂത്തൂര്‍ ആറാം വാര്‍ഡ് സി.പി.എം നിലനിര്‍ത്തി. സി.പി.എമ്മിലെ സുബിത ഉണ്ണികൃഷ്ണനാണ് വിജയിച്ചത്. തൃശൂര്‍ അന്നമനട പഞ്ചായത്തിലെ ആറാം വാര്‍ഡ് സി.പി.എം നിലനിര്‍ത്തി. ഗീത ഉണ്ണികൃഷ്ണന്‍ 106 വോട്ടിന് വിജയിച്ചു.

കോട്ടയം അതിരമ്പുഴ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ സി.പി.എമ്മിന്റെ സിറ്റിങ് സീറ്റില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് അമ്പലക്കുളം 145 വോട്ടുകള്‍ക്ക് വിജയിച്ചു.

ആലപ്പുഴ ദേവികുളങ്ങര പഞ്ചായത്തിലെ അഞ്ചാംവാര്‍ഡ് എല്‍.ഡി.എഫ് നിലനിര്‍ത്തി. സി.പി.എം സ്ഥാനാര്‍ത്ഥി ശ്രീലത എസ്. തമ്പി 195 വോട്ടുകള്‍ക്ക് വിജയിച്ചു. ചെങ്ങന്നൂര്‍ നഗരസഭയിലെ ഇരുപത്തിമൂന്നാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജന്‍ കണ്ണാട്ട് 172 വോട്ടിന് വിജയിച്ചു.

വടക്കന്‍പറവൂര്‍ ഏഴിക്കര പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് യു.ഡി.എഫ് നിലനിര്‍ത്തി. യു.ഡി.എഫിന്റെ ഷീബ ഷൈനേഷ് 99 വോട്ടുകള്‍ക്ക് എല്‍.ഡി.എഫിന്റെ ബിന്ദു ഷാജിയെ പരാജയപ്പെടുത്തി.

കോഴിക്കോട് എടച്ചേരി ഇരിങ്ങണ്ണൂര്‍ വാര്‍ഡ് എല്‍.ഡി.എഫ് നിലനിര്‍ത്തി. സി.പി.എമ്മിലെ സുനില്‍കുമാര്‍ വിജയിച്ചു. നാദാപുരം പഞ്ചായത്തിലെ കുറ്റിപ്പുറം വാര്‍ഡില്‍ സി.പി.എം സ്ഥാനാര്‍ത്ഥി കെ.കെ.അനില്‍ വിജയിച്ചു. പൊന്നാനി നഗരസഭയിലെ ഏഴാം വാര്‍ഡ് യു.ഡി.എഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ എ.പവിത്രകുമാര്‍ പതിനൊന്ന് വോട്ടുകള്‍ക്ക് വിജയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *