അഴിമതിയാരോപണത്തില്‍ ആടിയുലഞ്ഞ് ബിജെപി സംസ്ഥാന നേതൃത്വം

ഗ്രൂപ്പ് പോരിന് പുറമെ നേതാക്കള്‍ക്കിടയിലെ അധികാരമോഹവും അഴിമതിയും ബിജെപിയുടെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍പോലും താളംതെറ്റിക്കുന്നു. സംസ്ഥാന നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന അഴിമതിയാരോപണം സംബന്ധിച്ച് അന്വേഷിക്കാന്‍ കേന്ദ്രനേതൃത്വം നിര്‍ദേശിക്കുകയും സംസ്ഥാന ഭാരവാഹിയുടെ ബാങ്ക് അക്കൌണ്ടിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തത് വരെ പ്രശ്നം രൂക്ഷമായിരിക്കയാണ്.

കേന്ദ്രഭരണം ഉപയോഗിച്ച് വ്യാപകമായി നേതാക്കള്‍ അഴിമതി നടത്തുകയാണെന്ന് ഇതിനകം കേന്ദ്രനേതൃത്വത്തിന് ബോധ്യപ്പെട്ടു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാവുന്നതിന് നേതാക്കള്‍ തമ്മില്‍ ഇപ്പോഴേ കടുത്ത പോര് തുടങ്ങി. കേരളത്തില്‍ കെട്ടിവച്ച പണം നഷ്ടപ്പെട്ട ചരിത്രമാണ് ബിജെപിക്കുള്ളത്. എന്നാല്‍ തോറ്റാലും സ്ഥാനാര്‍ഥിയായാല്‍ മതിയെന്ന നിലപാടിലാണ് പ്രധാന നേതാക്കളെല്ലാം. ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും സ്ഥിരം സ്ഥാനാര്‍ഥികളാവുന്ന നേതാക്കള്‍ കൂടുതല്‍ സമ്പന്നരാവുന്നതായി ഗ്രൂപ്പ് തിരിഞ്ഞ് ആരോപിക്കുന്നു. നേതൃത്വത്തിലെ അഴിമതി ബിജെപി അധ്യക്ഷന്‍ അമിത്ഷാ കേരളത്തില്‍ വന്നപ്പോള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചില നേതാക്കളെ നേരിട്ട് വിളിച്ച് ശാസിച്ചതായും പറയുന്നു.

കോഴിക്കോട്ടുനിന്നുള്ള പ്രധാനനേതാവും കഴിഞ്ഞതവണ പത്തനംതിട്ടയില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ച സംസ്ഥാന ഭാരവാഹിക്കെതിരെയാണ് മെഡിക്കല്‍കോളേജ് വാഗ്ദാനം ചെയ്ത് ആറരക്കോടി വാങ്ങിയെന്ന ആരോപണം ഉയര്‍ന്നത്. സംസ്ഥാന പ്രസിഡന്റിന്റെ പേഴ്സണല്‍ സ്റ്റാഫിനെതിരെയും ആരോപണമുയര്‍ന്നിട്ടുണ്ട്. കെ പി ശ്രീശന്‍, എ കെ നസീര്‍ എന്നിവരായിരുന്നു അന്വേഷണ കമീഷന്‍.

ഇവരുടെ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ തൃശൂരില്‍ ചേര്‍ന്ന യോഗത്തിന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും ആരോപണവിധേയനായ നേതാവും എത്തിയില്ല. ഇതിനെത്തുടര്‍ന്ന് ചര്‍ച്ച മാറ്റിവച്ചു. മലപ്പുറത്തെ ഒരു ജില്ലാ ജനറല്‍സെക്രട്ടറിക്കെതിരായും സാമ്പത്തിക അഴിമതി സംബന്ധിച്ച കേസ് മഞ്ചേരി കോടതിയില്‍ നിലവിലുണ്ട്.
ബിജെപി അധികാരത്തിലുള്ളത് ചുരുക്കം തദ്ദേശ സ്ഥാപനങ്ങളിലാണെങ്കിലും എല്ലായിടത്തും അഴിമതിയാരോപണം ആ പാര്‍ടിയില്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്. പാലക്കാട് നഗരസഭയില്‍ വ്യാപകമായ അഴിമതി നടക്കുന്നതായി വലിയ ചര്‍ച്ചയുണ്ട്.

വി മുരളീധരന്റെ നേതൃത്വത്തിലുള്ള ആര്‍എസ്എസ് വിരുദ്ധ ലോബിയും കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള ആര്‍എസ്എസ് ലോബിയും തമ്മിലാണ് ഇപ്പോള്‍ പോര് മുറുകിയിരിക്കുന്നത്. പഴയ കൃഷ്ണദാസ്പക്ഷം ഇപ്പോള്‍ കുമ്മനത്തോടൊപ്പമാണ്. എന്നാല്‍ കേന്ദ്രനേതൃത്വത്തിലെ ചിലരുടെ പിന്തുണയോടെയാണ് മുരളീധരന്‍പക്ഷം സമാന്തര പ്രവര്‍ത്തനം സജീവമാക്കിയത്. അതിനിടെ കുമ്മനംപക്ഷത്തിനെതിരായി ഉയര്‍ന്നിരിക്കുന്ന അഴിമതിയാരോപണത്തിന് പരമാവധി പ്രചാരണം നല്‍കുകയാണ് മുരളീധരന്‍ പക്ഷം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *