അഫ്ഗാനില്‍ നിന്നുള്ള സൈനിക പിന്മാറ്റം വൈകുമെന്ന് സൂചിപ്പിച്ച് ബൈഡന്‍

വാഷിംഗ്ടൺ; അഫ്ഗാനിസ്താനിൽ യു.എസ് സൈനികപിന്മാറ്റം ഓഗസ്റ്റ് 31 -നു പൂർണമായേക്കില്ലെന്ന് സൂചന. അമേരിക്കൻ പൗരന്മാരെ പൂർണമായും ഒഴിപ്പിക്കുന്നതിന് വേണ്ടിയാണ് സൈനികപിന്മാറ്റം വൈകിപ്പിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം അറിയിച്ചത്.

ആയിരത്തിലധികം യു.എസ് പട്ടാളക്കാരെ ഓഗസ്റ്റ് 31-നു സൈനികപിന്മാറ്റം മുന്നിൽ കണ്ട് അമേരിക്ക അഫ്ഗാനിസ്താനിലേക്ക് അയച്ചിരുന്നു. എന്നാൽ പിന്മാറ്റം ഇനിയും വൈകാനാണ് സാധ്യത.കാബൂൾ വിമാനത്താവളത്തിന് അപ്പുറമുള്ള പ്രദേശങ്ങളിൽ എത്തി ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കുന്നതിന് അമേരിക്കൻ സേനയ്ക്ക് ചില പരിമിതികളുണ്ട്. ‘ഇനിയും അമേരിക്കൻ പൗരന്മാർ അഫ്ഗാനിസ്താനിൽ കുടുങ്ങിയിട്ടുണ്ടെങ്കിൽ അവരെ ഒഴിപ്പിക്കുന്നത് വരെ അമേരിക്കൻ സേന രാജ്യത്തുണ്ടാകും’ ജോ ബൈഡൻ എ.ബി.സി ന്യൂസിന് അനുവദിച്ച് അഭിമുഖത്തിൽ പറഞ്ഞു.

അമേരിക്കൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിൽ താലിബാൻ പൂർണമായും സഹകരിക്കുന്നുണ്ടെങ്കിലും യു.എസ് സൈന്യത്തെ സഹായിച്ച അഫ്ഗാൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിൽ തടസ്സം നേരിടുന്നതായി അദ്ദേഹം അറിയിച്ചു. രാജ്യം വിടണമെന്ന് ആഗ്രഹിച്ച് വിമാനത്താവളത്തിലെത്തുന്ന അഫ്ഗാൻ പൗരന്മാരെ താലിബാൻ തടയുന്നതായും റിപ്പോർട്ടുകളുണ്ട്.

അഫ്ഗാനിൽ കുടുങ്ങിയ അമേരിക്കൻ പൗരന്മാർക്ക് വിമാനത്താവളത്തിലേക്ക് എത്താനുള്ള സൗകര്യമൊരുക്കുമെന്ന് അറിയിച്ച യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ കാബൂളിന് പുറത്തേക്ക് പോയി പ്രവർത്തനങ്ങൾ നടത്തുന്നതിൽ പരിമിതിയുണ്ടെന്നും അറിയിച്ചു.

നിലവിൽ യു.എസ് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഹമീദ് കർസായ് അന്താരാഷ്ട്രവിമാനത്താവളത്തിൽ ആറായിരത്തോളം അമേരിക്കൻ പൗരന്മാരെയും അഫ്ഗാനക്കാരെയും യു.എസ് സേന പാർപ്പിച്ചിട്ടുണ്ട് . ഒഴിപ്പിച്ച യു.എസ് എംബസി താത്കാലികമായി ഇവിടെയാണ് പ്രവർത്തിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *