പരിശീലനത്തിനിടെ പരിക്കേറ്റ് ടീമില്‍നിന്ന് പുറത്തായ ബെന്‍സേമ ഫ്രഞ്ച് ടീമില്‍ തിരിച്ചെത്തുന്നു


ലോകകപ്പിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ പരിക്കേറ്റ് ടീമില്‍നിന്ന് പുറത്തായ ഫ്രഞ്ച് സൂപ്പര്‍ സ്ട്രൈക്കര്‍ കരിം ബെന്‍സേമ ഖത്തറിലേക്ക് മടങ്ങിയെത്തുമെന്ന് സൂചന.പരിക്കില്‍നിന്ന് താരം വേഗത്തില്‍ മുക്തനാകുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. മൂന്നാഴ്ചയോളം പുറത്തിരിക്കേണ്ടി വരുമെന്നായിരുന്നു ആദ്യ വിലയിരുത്തലുകള്‍.


ആദ്യ മത്സരത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് നിലവിലെ ബാലണ്‍ ദ്യോര്‍ ജേതാവ് ടീമില്‍നിന്ന് പുറത്താവുന്നത്. പകരക്കാരനെ ടീമിലുള്‍പ്പെടുത്താന്‍ അവസരമുണ്ടായിരുന്നെങ്കിലും പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് അത് ചെയ്തിരുന്നില്ല. ആ തീരുമാനം ടീമിന് ഗുണം ചെയ്‌തേക്കുമെന്നാണ് വിലയിരുത്തല്‍. ബെന്‍സേമക്ക് ഫ്രഞ്ച് ടീമിനൊപ്പം ചേരാന്‍ കഴിയുമെന്നാണ് ഫ്രഞ്ച് മാധ്യമമായ ആര്‍.എം.സി സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ആഴ്‌ചയുടെ മധ്യത്തില്‍ താരം ടീമിനൊപ്പം പരിശീലനം നടത്തുമെന്ന് മാഡ്രിഡില്‍ നിന്നുള്ള മാധ്യമങ്ങളും വെളിപ്പെടുത്തുന്നു.


ലോകകപ്പ് ടീമിലുണ്ടായിരുന്ന താരത്തിന് പകരക്കാരനെ ഉള്‍പ്പെടുത്താത്ത സാഹചര്യത്തില്‍ ഇപ്പോഴും സ്‌ക്വാഡിന്റെ ഭാഗമാണ് ബെന്‍സേമ. പോള്‍ പോഗ്ബയും എന്‍ഗോളോ കാന്റെയും ഉള്‍പ്പെടെയുള്ള ലോകോത്തര താരങ്ങള്‍ പരിക്ക് കാരണം പുറത്തായ ടീമിലേക്ക് ബെന്‍സേമ തിരിച്ചെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ കൂടുതല്‍ ഊര്‍ജം പകരുന്നതാണ്.

ടൂര്‍ണമെന്റില്‍ മികച്ച ഫോമിലുള്ള ടീം ആസ്‌ട്രേലിയക്കും ഡെന്മാര്‍ക്കിനുമെതിരെ വിജയം നേടി അവസാന 16ലേക്ക് ചുവടുവെച്ച ആദ്യ ടീമായി മാറിയിരുന്നു. ബുധനാഴ്ച ടുണീഷ്യയുമായാണ് അടുത്ത മത്സരം.



Sharing is Caring