കള്ളനെ പിടിക്കാന്‍ അധ്യാപകരുടെ ക്യാബിനില്‍ ഒളി ക്യാമറ: പ്രതിഷേധവുമായി കോളെജ് അധ്യാപകര്‍

കോഴിക്കോട്: കോഴിക്കോട് ഗവ. കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷനിലെ അധ്യാപകരുടെ ക്യാബിനുകളില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും അറിവും സമ്മതവുമില്ലാതെ ഒളിക്യാമറ സ്ഥാപിക്കാന്‍ നീക്കം.  സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ കോളേജ് പ്രിന്‍സിപ്പല്‍ തന്നിഷ്ടപ്രകാരം ഒളിക്യാമറ സ്ഥാപിക്കാന്‍ നീക്കം നടത്തുകയാണെന്നാണ് അധ്യാപകരുടെ പരാതി. കോളെജില്‍ മോഷണശല്യം വര്‍ദ്ധിച്ചതിനാണ് ക്യാമറ സ്ഥാപിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ വിശദീകരിച്ചെങ്കിലും കള്ളനെ പിടിക്കാന്‍ അധ്യാപകരുടെ ക്യാബിനുകളിലല്ല കോളെജ് കോമ്പൗണ്ടിലാണ് ക്യാമറ സ്ഥാപിക്കേണ്ടതെന്നാണ് അധ്യാപകരുടെ വാദം. സംഭവം വിവാദമാകുകയും കോളെജ് അധ്യാപകരുടെ സംഘടന വിഷയം ഏറ്റെടുത്ത് പ്രതിഷേധ നടപടികളുമായി രംഗത്തെത്തുകയും ചെയ്തു.
ക്യാമറ സ്ഥാപിക്കാനുള്ള നടപടിയില്‍ നിന്നും കോളേജ് പ്രിന്‍സിപ്പാള്‍ പിന്തിരിയണമെന്ന് അധ്യാപക സംഘടനയായ എ കെ ജി സി ടി ആവശ്യപ്പെട്ടു. മധ്യവേനലവധിക്കാലത്ത് അധ്യാപകര്‍ സ്ഥലത്തില്ലാത്ത തക്കം നോക്കിയാണ് പ്രിന്‍സിപ്പല്‍ തിടുക്കം കൂട്ടി ഈ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. കോളേജ് കൗണ്‍സിലോ മറ്റേതെങ്കിലും ഔദ്യോഗിക സംവിധാനമോ ഇത്തരം ഒരു തീരുമാനം എടുത്തിട്ടില്ല. ‘നാക് അക്രഡിറ്റേഷന്റെ’ ഭാഗമായി അക്കാദമികവും ഭൗതികവുമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 2013-2014 ലെ പ്ലാന്‍ ഫണ്ടില്‍ നിന്നും കോളേജിന് അനുവദിച്ച തുകയില്‍ നിന്നും 1.5 ലക്ഷം രൂപ സര്‍ക്കാരിന്റെ അനുമതിയില്ലാതെ വക മാറ്റിയാണ് ക്യാമറ സ്ഥാപിക്കാനുള്ള ഫണ്ട് കണ്ടെത്തിയിരിക്കുന്നത്.
അധ്യാപകരുടെ ക്യാബിനില്‍ ഒളിക്യാമറ സ്ഥാപിക്കുന്നത് അധ്യാപകരുടെ ആത്മാഭിമാനവും വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നതും ആത്മവിശ്വാസം തകര്‍ക്കുന്നതുമായ നടപടിയാണ്. അധ്യാപക പരിശീലന കേന്ദ്രമായ ഈ സ്ഥാപനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ സ്വകാര്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കൗണ്‍സിലിങ്ങ് നടത്താറുണ്ട്. സ്വാഭാവികമായും ഒളിക്യാമറ സ്ഥാപിക്കുന്നതോടെ കൗണ്‍സിലിങ്ങിന്റെ സ്വകാര്യത നഷ്ടപ്പെടും. മാത്രമല്ല, സ്ത്രീകളടക്കമുള്ള അധ്യാപകരുടെ സ്വകാര്യതയിലേക്ക് എത്തി നോക്കുന്നതിന് ഇത് ഇടയാക്കും.
കോളേജില്‍ ചില മോഷണങ്ങള്‍ നടന്നു എന്നതിന്റെ പേരിലാണ് അധ്യാപകരൂടെ ക്യാബിനില്‍ ക്യാമറ സ്ഥാപിക്കുന്നത്. മോഷണം തടയുന്നതിന് അധ്യാപകരുടെ ക്യാബിനില്‍ ക്യാമറ സ്ഥാപിക്കുകയല്ല വേണ്ടത്. മറിച്ച് കോളേജിലേക്ക് മോഷ്ടാക്കള്‍ കയറി വരുമ്പോള്‍ അത് പകര്‍ത്താന്‍ കഴിയുന്ന വിധത്തില്‍ പുറത്താണ് ക്യാമറ സ്ഥാപിക്കേണ്ടത്. യഥാര്‍ത്ഥത്തില്‍ മോഷ്ടാക്കളെ പിടിക്കുകയോ മോഷണം തടയുകയോ അല്ല പ്രിന്‍സിപ്പലിന്റെ ലക്ഷ്യം. മറിച്ച് അധ്യാപകരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞ് നോക്കുകയും അതുവഴി അധ്യാപകരെ ഭയപ്പെടുത്തി നിശബ്ദരാക്കുകയും ചെയ്യുക എന്നതാണെന്നാണ് അധ്യാപക സംഘടനയുടെ പരാതി.
കോളേജ് പ്രിന്‍സിപ്പാള്‍ തുടര്‍ന്നു വരുന്ന അക്കാദമിക വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി വേണം ഇതിനെയും കാണാനെന്നാണ് അധ്യാപകരുടെ പരാതി. പ്രിന്‍സിപ്പാള്‍ കോളേജില്‍ ചാര്‍ജെടുത്ത നാള്‍ തൊട്ട് ഇത്തരം ജനാധിപത്യ വിരുദ്ധവും അധ്യാപക വിരുദ്ധവുമായ നടപടികള്‍ സ്വീകരിച്ചതും സാമ്പത്തിക തിരിമറി നടത്തിയതും സംബന്ധിച്ച് ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. എ കെ ജി സി ടി കോളേജ് യൂണിറ്റ് പ്രിന്‍സിപ്പലിനെ നേരിട്ട് കണ്ട് ഈ നടപടിയില്‍ നിന്നും പിന്തിരിയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിവേദനം സമര്‍പ്പിച്ചെങ്കിലും അത് അവര്‍ ഒട്ടും മുഖവിലക്കെടുക്കുകയുണ്ടായില്ല.
അധ്യാപകരുടെ അക്കാദമിക സ്വാതന്ത്ര്യത്തെയും സൗഹൃദാന്തരീക്ഷത്തെയും തകര്‍ക്കുന്നതും ആത്മവിശ്വാസം തകര്‍ക്കുന്നതുമായ ഈ നടപടിയില്‍ നിന്നും പ്രിന്‍സിപ്പല്‍ പിന്തിരിയണമെന്നും അല്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്നും അധ്യാപകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *