ജറുസലേമില്‍ കളിക്കാന്‍ പറ്റില്ലെന്ന് ബാഴ്‌സലോണ; സൗഹൃദ മത്സരത്തില്‍ നിന്ന് പിന്മാറി ഇസ്രായേല്‍ ക്ലബ്

ഇസ്രയേല്‍ തലസ്ഥാനമായ ജറുസലേമില്‍ കളിക്കാന്‍ സമ്മതമല്ലെന്ന സ്പാനിഷ് ക്ലബ് ബാഴ്‌സലോണയുടെ നിലപാടിനെത്തുടര്‍ന്ന് സൗഹൃദ മത്സരത്തില്‍ നിന്ന് പിന്മാറി ഇസ്രയേല്‍ ക്ലബ് ബെയ്താര്‍ ജറൂസലേം. ലാ ലിഗ ആരംഭിക്കുന്നതിനു മുന്നോടിയായുള്ള പ്രീസീസണ്‍ ടൂറിന്റെ ഭാഗമായാണ് സഹൃദ മത്സരം സംഘടിപ്പിച്ചിരുന്നത്.

എന്നാല്‍ പലസ്തീന്‍ വിഷയവുമായി ബന്ധപ്പെട്ട് തര്‍ക്കഭൂമിയായി നിലനില്‍ക്കുന്ന ജറുസലേമില്‍ കളിക്കാന്‍ കഴിയില്ലെന്ന് ബാഴ്‌സലോണ മാനേജ്‌മെന്റ് തീരുമാനിച്ചതോടെ മത്സരത്തില്‍ നിന്നു പിന്മാറുകയാണെന്ന് ബെയ്താര്‍ ക്ലബ് ഉടമ മോഷെ ഹോഗെഗ് അറിയിക്കുകയായിരുന്നു. ഓഗസ്റ്റ് നാലിനായിരുന്നു മത്സരം നിശ്ചയിച്ചിരുന്നത്.

താനൊരു അഭിമാനിയായ ജൂതനും ഇസ്രായേലിയുമാണെന്നും ജറൂസലേം ഇസ്രായേലിന്റെ തലസ്ഥാനമാണെന്നും നഗരത്തെ ചതിക്കകാനാകില്ലെന്നം പറഞ്ഞാണ് പിന്മാറ്റ വിവരം സോഷ്യല്‍ മീഡിയയിലൂടെ ഇസ്രയേല്‍ ക്ലബ് ഉടമ അറിയിച്ചത്.

ബെയ്താറുമായി സൗഹൃദ മത്സരം കളിക്കാനുള്ള ബാഴ്‌സലോണയുടെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. പലസ്തീന്‍ ഫുട്ബോള്‍ അസോസിയേഷന്‍ ബാഴ്സലോണയ്ക്ക് ഔദ്യോഗികമായി കത്തെഴുതുകയും ചെയ്തിരുന്നു. ഇസ്രായേല്‍ പാര്‍ലമെന്റ് അംഗമായ സാമി അബൂ ഷെഹാദയടക്കമുള്ള പ്രമുഖ വ്യക്തിത്വങ്ങളും ക്ലബിനോട് മത്സരത്തില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഇതാദ്യമായല്ല ജറുസലേമില്‍ കളിക്കുന്നതില്‍ നിന്ന് മുന്‍നിര ടീം പിന്മാറുന്നത്. 2018-ല്‍ ഇസ്രായേലിനെതിരേ നിശ്ചയിച്ച ലോകകപ്പ് മുന്നൊരുക്ക മത്സരം ജറുസലേമില്‍ കളിക്കാന്‍ അര്‍ജന്റീന ദേശീയ ടീമും വിസമ്മതിച്ചിരുന്നു. ലയണല്‍ മെസിയും അര്‍ജന്റീന താരങ്ങളും ഭീകരവാദത്തിന് വഴങ്ങുകയാണെന്നാണ് അന്ന് ഇതിനോട് ഇസ്രായേല്‍ അധികൃതര്‍ പ്രതികരിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *