ദുര്‍ബലമായ ഡോളറിന്‍റേയും എളുപ്പത്തിലുള്ള പണത്തിന്‍റേയും പ്രധാനമായ പിന്തുണയോടെ സ്വര്‍ണ വില ഈ വര്‍ഷം തുടക്കം വരെ ശക്തമായി ഉയരുകയായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായി ഇനി ഏതു ദിശയിലേക്കാവും പ്രയാണം എന്നതും നിക്ഷേപകരെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ്. ഈ വര്‍ഷം മാര്‍ച്ച് അവസാനത്തോടെ 2025 ഡിസംബറിലെ നിലയിലേക്കു താഴ്ന്ന സ്വര്‍ണം ഇനിയെങ്ങോട്ട് എന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഇറാന്‍- അമേരിക്ക സംഘര്‍ഷങ്ങള്‍ ഗള്‍ഫ് മേഖലയിലെ എണ്ണ ഉല്‍പ്പാദക രാഷ്ടങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളാണെങ്കില്‍ വലിയ തോതിലെ ലാഭം സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നുമില്ല. 1983-ലെ പ്രതിസന്ധിയില്‍ എണ്ണ ഉല്‍പാദക രാഷ്ട്രങ്ങള്‍ സ്വര്‍ണ ശേഖരം വില്‍പന നടത്തിയതും ഇവിടെ പരിഗണിക്കേണ്ട ഒരു വസ്തുതയാണ്.
ഈ പശ്ചാത്തലങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ മാര്‍ച്ച് മാസത്തില്‍ സ്വര്‍ണം ഒരാഴ്ചയ്ക്കുള്ളില്‍ പത്തു ശതമാനമാണ് ഇടിഞ്ഞത്. അതായത് 1983-നു ശേഷമുള്ള ഒരാഴ്ചയിലെ ഏറ്റവും വലിയ പതനം. വെള്ളി ഇതേ ആഴ്ചയില്‍ 15 ശതമാനവും ഇടിഞ്ഞു. രണ്ടു വര്‍ഷമായി തുടര്‍ന്ന സ്വര്‍ണം വാങ്ങല്‍ സെന്‍ട്രല്‍ ബാങ്കുകള്‍ കുറക്കുന്നതും ഇതിനിടെ കാണാനായി.

സ്വര്‍ണ വിലയിലെ ഈ ചലനങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളും ഏറ്റവും വലിയ സ്വര്‍ണ ഇറക്കുമതിക്കാരുമായ ഇന്ത്യയില്‍ നേരിട്ടുള്ള പ്രതിഫലനങ്ങളാണു സൃഷ്ടിക്കുക. സ്വര്‍ണ വില ഉയരുമ്പോള്‍ ഇന്ത്യയുടെ ഇറക്കുമതി ബില്‍ വര്‍ധിക്കുകയും ചെയ്യും. എങ്കില്‍ തന്നെയും അടുത്തിടെ ഉണ്ടായ സ്വര്‍ണ വില വര്‍ധനവ് ഇന്ത്യയുടെ ദീര്‍ഘകാല തന്ത്രങ്ങളില്‍ മാറ്റമൊന്നും വരുത്തിയില്ല. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ സാഹചര്യം റിസര്‍വ് ബാങ്കിന് അല്‍പം കുറഞ്ഞ നിരക്കില്‍ സ്വര്‍ണം ശേഖരിക്കാനുള്ള അവസരമാണു നല്‍കുന്നത്.
സ്വര്‍ണം നിക്ഷേപമായി പരിഗണിക്കുന്നവര്‍ക്കിടയില്‍ ഇനിയെന്ത് എന്നതും വലിയൊരു ചോദ്യമാണ്. ഭാവിയില്‍ ഉയര്‍ച്ചയുണ്ടാകും എന്ന പ്രതീക്ഷയില്‍ ഇപ്പോള്‍ നിക്ഷേപം നടത്തുന്നവരുണ്ട്. അത്തരമൊരു പ്രവണത ആരംഭിച്ചിട്ടുമുണ്ട്. എന്നാല്‍ ആഗോള സാഹചര്യങ്ങള്‍ എങ്ങനെ മാറും എന്നത് ഇവിടെ വലിയൊരു ഘടകമാണ്. വിപണിയിലെ പണ ലഭ്യത, കേന്ദ്ര ബാങ്കുകളുടെ നയങ്ങള്‍ എന്നിവ വരും നാളുകളില്‍ സ്വര്‍ണത്തിന്‍റെ ഗതി നിര്‍ണയിക്കുന്ന സുപ്രധാന ഘടകങ്ങളായിരിക്കും.













