കഴിഞ്ഞ ദിവസം പുതുപ്പള്ളി മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് കുറയ്ക്കാൻ ശ്രമം നടത്തിയതായി ആരോപിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. 27ാം ബൂത്തിൽ വോട്ടിംഗ് മന്ദഗതിയിൽ ആണെന്നായിരുന്നു ആരോപണം, അവിടെയത്തി കാര്യങ്ങൾ തിരക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചപ്പോൾ ഗുണ്ടകൾ വന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു.
സംഘർഷത്തെ തുടർന്ന് പലരും വോട്ടു ചെയ്യാതെ തിരിച്ചുപോയെന്നാണ് ചാണ്ടി ഉമ്മൻ പറയുന്നത്. സമയം കൂട്ടണം എന്ന് ആവശ്യപ്പെട്ടിട്ടും അനുവദിച്ചില്ല. പരാതി നൽകിയിട്ടും കൂടുതൽ മെഷീൻ അനുവദിച്ചില്ല. ഉദ്യോഗസ്ഥരെ മാത്രം കൂടുതലായി അനുവദിക്കുകയായിരുന്നു. എന്ത് കൊണ്ട് ഔക്സിലറി ബൂത്ത് അനുവദിച്ചില്ല. ഇങ്ങനെ വോട്ടർമാർക്ക് വോട്ട് ചെയ്യാൻ ആകാത്തത് ചരിത്രത്തിൽ ആദ്യമാണെന്നും ചാണ്ടി കൂട്ടിത്തേർത്തു.

ഭീഷണിപ്പെടുത്താനെത്തിയ ഗുണ്ടകൾ ആരെല്ലാമെന്ന് പറയുന്നില്ല എന്നും അത് എല്ലാവർക്കും അറിയാമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ചില ബൂത്തുകളിൽ പോളിംഗ് വേഗത കുറഞ്ഞതിൽ അന്വേഷണം വേണമെന്ന് ചാണ്ടി ഉമ്മൻ വരണാധികാരിയോട് ആവശ്യപ്പെട്ടിരുന്നു. വോട്ടർമാരെ ബൂത്തുകളിൽ എത്തിക്കാതിരിക്കാനുള്ള ശ്രമം നടന്നോ എന്ന് സംശയമുണ്ടെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചിരുന്നു. അതിനിടെ ആരോപണം ആവർത്തിച്ച് തിരുവഞ്ചൂരും രംഗത്തെത്തി.













