ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഹര്‍ ഘര്‍ തിരംഗ് പ്രചാരണത്തിന് ഇന്ന് മുതല്‍ തുടക്കം

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഹര്‍ ഘര്‍ തിരംഗ് പ്രചാരണത്തിന് ഇന്ന് മുതല്‍ തുടക്കം. രാജ്യവ്യാപകമായി വിപുലമായ ആഘോഷങ്ങള്‍ക്കാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ അടക്കം ഏറ്റെടുത്തുണ്ട്.

സ്വാതന്ത്ര്യത്തിന്റെ 75 ആം വാര്‍ഷികാഘോഷത്തില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസം രാജ്യം ത്രിവര്‍ണ്ണമണിയും. വീടുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എല്ലാ ഇടങ്ങളിലും പതിനഞ്ചാം തീയതി വരെ ഹര്‍ ഘര്‍ തിരംഗ് ആഘോഷത്തിന്റെ ഭാഗമായി പതാക ഉയരും. പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരമാണ് പ്രചാരണം.

ഇതാദ്യമായാണ് ദേശീയ തലത്തില്‍ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ദേശീയ പതാക ഉയര്‍ത്തുന്നത്. 20 കോടി വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുകയാണ് പ്രചാരണത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം. ഫ്‌ളാഗ് കോഡിലെ ഭേദഗതി പ്രകാരം ഹര്‍ ഘര്‍ തിരംഗിന്റെ ഭാഗമായി വീടുകളില്‍ ഉയര്‍ത്തുന്ന പതാക രാത്രിയില്‍ താഴ്‌ത്തേണ്ടതില്ല.

സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരും, കേന്ദ്രഭരണ പ്രദേശങ്ങളില്‍ ലെഫ്. ഗവര്‍ണര്‍മാരുമാണ് ഏകോപിപ്പിക്കുക. ഹര്‍ ഘര്‍ തിരംഗ പ്രചാരണ ഭാഗമായി തപാല്‍ വകുപ്പ് ഒരു കോടിയിലേറെ പതാകകള്‍ ഇതിനകം വിറ്റഴിച്ചു. ഡല്‍ഹി സര്‍ക്കാരും വിപുലമായ ആഘോഷ പരിപാടികള്‍ക്കാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *