എഴുത്തുകാര്‍ക്കെതിരായ സൈബര്‍ ആക്രമണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത്


എഴുത്തുകാര്‍ക്കെതിരായ സൈബര്‍ ആക്രമണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്. മറ്റ് സ്ഥാനാര്‍ത്ഥികള്‍ പറയുന്നതിന് മറുപടി പറയാന്‍ താനില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. വ്യക്തിപരമായി വിമര്‍ശിക്കാന്‍ താന്‍ തയ്യാറല്ലെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.കല്‍പ്പറ്റ നാരായണനെ പോലെയുള്ള എഴുത്തുകാര്‍ കൃത്യമായി നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. ഇടതുപക്ഷ ചിന്താഗതിയുള്ളവര്‍ അതിനനുസരിച്ച് നിലപാട് എടുക്കും.


അത് കേരളത്തിലെ മൊത്തം എഴുത്തുകാരുടെ അഭിപ്രായമായി പറയാന്‍ അവര്‍ക്ക് അര്‍ഹതയില്ല. ചിലര്‍ എന്നും ഇടതുപക്ഷത്തിന്റെ ജിഹ്വയായി പ്രവര്‍ത്തിക്കുന്നവരാണ്. ഇടതുപക്ഷം ചെയ്യുന്ന മറ്റ് കാര്യങ്ങളെക്കുറിച്ച് അവര്‍ മിണ്ടാറില്ല. മറ്റ് കാര്യങ്ങള്‍ യുഡിഎഫ് നേതാക്കള്‍ പറയുമെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനെ പിന്തുണച്ച് സാഹിത്യകാരന്മാര്‍ രംഗത്തെത്തിയിരുന്നു. കെ സച്ചിദാനന്ദന്‍, കെ ആര്‍ മീര, റഫീക്ക് അഹമ്മദ്, വൈശാഖന്‍, ശാരദക്കുട്ടി, എം മുകുന്ദൻ അടക്കമുള്ളവരാണ് സ്വരാജിനെ പിന്തുണച്ചത്. അഭിമതനായ സ്വരാജ് ജയിക്കണമെന്നാണ് ആഗ്രഹമെന്നായിരുന്നു സച്ചിദാനന്ദന്റെ പ്രതികരണം.


മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോണ്‍ഗ്രസിന് പ്രത്യേകം അഭിനന്ദനമെന്നായിരുന്നു കെ ആര്‍ മീര പറഞ്ഞത്. പതിനാറാം നൂറ്റാണ്ടില്‍ ജനിച്ച പൂന്താനം നമ്പൂതിരി തന്റെ വോട്ട് അന്‍വറിന് എന്ന് പ്രഖ്യാപിക്കുന്ന കാര്‍ട്ടൂണ്‍ പങ്കുവെച്ചായിരുന്നു റഫീക്ക് അഹമ്മദ് പ്രതികരിച്ചത്. സ്വരാജിന്റെ സാന്നിധ്യം നിയമസഭയില്‍ അനിവാര്യമാണെന്ന് വിശ്വസിക്കുന്നുവെന്നായിരുന്നു ശാരദക്കുട്ടി പറഞ്ഞത്. സ്വരാജിനെ നിയമസഭ കാത്തിരിക്കുകയാണെന്നായിരുന്നു എം മുകുന്ദൻ ഫേസ്ബുക്ക് വീഡിയയിലൂടെ പ്രതികരിച്ചത്.



Sharing is Caring