അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെത്താനായില്ല; സുഹൃത്തുക്കളെ ചോദ്യംചെയ്യും

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത ഡിജിറ്റൽ തെളിവുകൾ വിശദമായ പരിശോധനക്ക് വിധേയമാക്കും. അർജുന്‍റെ കണ്ണൂരിലെ സുഹൃത്തുക്കളെ ചോദ്യംചെയ്യാനും കസ്റ്റംസ് തീരുമാനിച്ചു. ചൊവ്വാഴ്ച മൊഴി നൽകാൻ എത്താനാണ് അർജുന്റെ ഭാര്യയോട് കസ്റ്റംസ് നിർദേശിച്ചിരിക്കുന്നത്. പെൻഡ്രൈവ്, സിം കാർഡ് തുടങ്ങിയ ഡിജിറ്റൽ തെളിവുകളും ചില രേഖകളും ആണ് ഇന്നലെ അർജുന്‍റെ വീട്ടിൽ നിന്ന് കസ്റ്റംസ് കണ്ടെടുത്തത്. ഇതിൽ സ്വർണക്കടത്ത് സംഘത്തെ കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങൾ ഉണ്ടോ എന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്. ആവശ്യമെങ്കിൽ ഇവ കൂടുതൽ ശാസ്ത്രീയ പരിശോധനക്ക് അയക്കും. അർജുന്റെ ഫോൺ രേഖകളുടെ വിശദാംശങ്ങൾ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഇതിലൂടെ അർജുൻ ഉൾപ്പെട്ട പൊട്ടിക്കൽ സംഘത്തിലെ ചിലരെ തിരിച്ചറിയുകയും ചെയ്തു. ഇതിൽ ഒരാളോട് ബുധനാഴ്ച കൊച്ചിയിലെ ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ അറിയിച്ച് കസ്റ്റംസ് നോട്ടീസ് നൽകി. അർജുന്റെ കൂട്ടാളികളായ കൂടുതൽ പേരെ വരുംദിവസങ്ങളിൽ ചോദ്യംചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. അർജുൻ ആയങ്കിയുടെ ഭാര്യ അമലയോട് ചൊവ്വാഴ്ച മൊഴി നൽകാൻ എത്താനാണ് നിർദേശിച്ചിരിക്കുന്നത്. മൊബൈൽ ഫോൺ പുഴയിലെറിഞ്ഞെന്ന അർജുന്റെ മൊഴി കസ്റ്റംസ് വിശ്വാസത്തിലെടുത്തിട്ടില്ല. മൊബൈൽ ഒളിപ്പിച്ചിരിക്കുന്നത് എവിടെയെന്ന് അമലക്ക് അറിയാമെന്നാണ് കസ്റ്റംസിന്റെ നിഗമനം. ഇന്നും നാളെയും അർജുനെ വിശദമായി ചോദ്യംചെയ്യും. അർജുന്റെ കസ്റ്റഡി നീട്ടി ചോദിക്കാനും സാധ്യത ഉണ്ട്. കേസിലെ മറ്റൊരു പ്രതി മുഹമ്മദ്‌ ഷെഫീഖിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *