താന്‍ വിവാഹിതയായി എന്ന വ്യാജ വാര്‍ത്തക്കെതിരെ നടി അന്‍സിബ ഹസ്സന്‍.


താന്‍ വിവാഹിതയായി എന്ന വാര്‍ത്തക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടി അന്‍സിബ ഹസ്സന്‍. തുളസിമാലയിട്ട ഒരു കല്ല്യാണ ഫോട്ടോക്കൊപ്പമാണ് അന്‍സിബയുടെ വ്യാജ വിവാഹ വാര്‍ത്ത പ്രചരിക്കുന്നത്.
ഷൈജു സുകുമാരന്‍ നാടാര്‍ റൈറ്റ് തിങ്കേഴ്സ് എന്ന ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ഈ ചിത്രം ശനിയാഴ്ചയാണ് അന്‍സിബയുടെ ശ്രദ്ധയില്‍ പെടുന്നത്. ‘അന്‍സിബ ഹസ്സനും മുരളീ മേനോനും. ഇവരെ ഹിന്ദു മുസ്ലീം അല്ലാതെ മനുഷ്യരായി കാണാന്‍ മാത്രം മനസ്സുള്ളവര്‍ ലൈക്കടിക്കുക…’ എന്നു തുടങ്ങുന്ന ഒരു കുറിപ്പുമുണ്ട് ഒപ്പം.
അന്‍സിബയുടെ ശ്രദ്ധയില്‍പെടുമ്ബോഴേയ്ക്കും ഈ ചിത്രത്തിന്റെ താഴെ വിവാദ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു . മുസ്ലീമായ അന്‍സിബ ഹിന്ദുവിനെ വിവാഹം കഴിച്ചതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. പോസ്റ്റ് നിരവധി പേര്‍ ഷെയറും ചെയ്തു.



ചിത്രവും ഒപ്പം പ്രചരിക്കുന്ന വാര്‍ത്തകളും ശ്രദ്ധയില്‍പ്പെട്ടതോടെ ഫെയ്സ്ബുക്ക് ലെെവിലൂടെ വിശദീകരണവുമായി അന്‍സിബ തന്നെ രംഗത്തുവന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ അഭിനയിച്ച ലൗ മേറ്റ്സ് എന്ന ഹ്രസ്വചിത്രത്തിന്റെ ഒരു സീനെടുത്താണ് അത് വിവാഹ ഫോട്ടോയാക്കി പോസ്റ്റ് ചെയ്തത്.
താന്‍ വിവാഹം കഴിച്ചിട്ടില്ല. ഉടനെ വിവാഹം കഴിക്കാന്‍ സാധ്യതയുമില്ലെന്ന് അന്‍സിബ പറഞ്ഞു. എന്തിനാണ് ഇത്തരത്തിലൊരു തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നതെന്ന് അറിയില്ല.
സെലിബ്രിറ്റി എന്നതിനപ്പുറത്ത് താനും ഒരു സാധാരണ പെണ്‍കുട്ടിയാണ്. ഇത്തരത്തിലൊരു വാര്‍ത്ത ഒരു പെണ്‍കുട്ടിയുടെ ജീവിതം എത്രമാത്രം തകര്‍ക്കുമെന്ന് ആലോചിക്കാതെയാണ് അത് പോസ്റ്റ് ചെയ്തിരിക്കുന്നത്.
നിരവധി ഒാണ്‍ലെെന്‍ മാധ്യമങ്ങളും താന്‍ വിവാഹിതയായി എന്ന രീതിയില്‍ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു.ദയവു ചെയ്ത് അത്തരം പോസ്റ്റുകള്‍ പിന്‍വലിക്കണമെന്നും അന്‍സിബ ഫെയ്സ്ബുക്കിലൂടെ ആവശ്യപ്പെട്ടു.




Sharing is Caring