കനത്ത മഴ: ജാഗ്രതയില്‍ കേരളം;മഴക്കെടുതി: മരിച്ചവരുടെ എണ്ണം രണ്ടായി


ശ​ക്ത​മാ​യ മ​ഴ​യി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ന​ത്ത നാ​ശ​ന​ഷ്ടം. മൂന്നു ദിവസം മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പൊലീസ്, അഗ്നിശമന– ദുരന്ത നിവാരണ അതോറിറ്റി, റവന്യൂ വിഭാഗങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ജാഗ്രതാ നിർദേശം നൽകി.


ആറ് താലൂക്കുകളിലെ തഹസില്‍ദാര്‍മാര്‍ രാത്രി കണ്‍ട്രോള്‍ റൂമില്‍ ഉണ്ടാകണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട്, പാലക്കാട്, ഇടുക്കി, കോട്ടയം, കുട്ടനാട് താലൂക്കുകളിലെ തഹസില്‍ദാര്‍മാര്‍ക്കാണ് നിര്‍ദേശം. കലക്ടര്‍മാരെ ഏകോപിപ്പിക്കാന്‍ റവന്യൂ അഡീ.ചീഫ് സെക്രട്ടറിക്ക് ചുമതല നല്കി. പ്രശ്‌നങ്ങള്‍ റവന്യൂ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു.


മഴ കാരണം രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെയുള്ള യാത്രകള്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിയന്ത്രണം ഏര്‍പ്പെടുത്തി. അടിയന്തര ആവശ്യത്തിനു പോകുന്ന വാഹനങ്ങള്‍ മാത്രമേ ഈ സമയത്ത് മലയോര മേഖലയിലേക്ക് കടത്തിവിടുകയുള്ളൂ.

മൂന്നാറിലേക്കുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ഇനിയൊരു അറിയിപ്പു ലഭിക്കുന്നതു വരെ നിരോധനമുണ്ടാവും. വാഹനങ്ങളെല്ലാം നേര്യമംഗലത്താണ് തടയുന്നത്.

കോഴിക്കോട്- താമരശ്ശേരി ചുരത്തില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. കൊച്ചി- ധനുഷ്‌കോടി ദേശീയപാത, പാലക്കാട് മണ്ണാര്‍കാട്- അട്ടപ്പാടി ചുരം റോഡ് എന്നിവിടങ്ങളിലും ഗതാഗതം നിരോധിച്ചു.


ജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ആറു താലൂക്കുകളിലെ തഹസില്‍ദാര്‍മാര്‍ രാത്രിയിലും കണ്‍ട്രോള്‍ റൂമില്‍ ഉണ്ടായിരിക്കണമെന്ന് നിര്‍ദേശമുണ്ട്. കോഴിക്കോട്, പാലക്കാട്, ഇടുക്കി, കോട്ടയം, കുട്ടനാട്, താലൂക്കിലെ തഹസില്‍ദാര്‍മാര്‍ക്കാണ് നിര്‍ദേശം. കലക്ടര്‍മാരെ ഏകോപിപ്പിക്കാന്‍ റെവന്യൂ അഡി. ചീഫ് സെക്രട്ടറിക്ക് ചുമത നല്‍കി.

മഴക്കെടുതി മൂലം മരിച്ചവരുടെ എണ്ണം രണ്ടായി. കണ്ണൂര്‍ ഇരിണാവ് മടക്കരയില്‍ തെങ്ങ് വീണ് മുഹമ്മദ് കുഞ്ഞി (75) മരിച്ചു. കണ്ണൂര്‍ പാനൂരിലെ ക്വാറിയില്‍ പാറ ഇടിഞ്ഞു വീണ് കര്‍ണാടക സ്വദേശി ക്രിസ്തുരാജ് (20) മരിച്ചിരുന്നു.


മലയോര മേഖലയില്‍ മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലും ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. പാലക്കാട് ആനക്കല്‍- തൊട്ടിയാക്കര പ്രദേശത്ത് ഉരുള്‍പ്പൊട്ടലുണ്ടായി. നാലു വീടുകള്‍ ഭാഗികമായി തകര്‍ന്നു. ആര്‍ക്കും പരുക്കില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 126 അടി ആയി ഉയര്‍ന്നു. കനത്ത മഴ തുടരുന്നതിനാല്‍ ഇനിയും ജലനിരപ്പ് കൂടാന്‍ സാധ്യതയുണ്ട്.

കോട്ടയം- ചങ്ങനാശ്ശേരി റൂട്ടില്‍ പാളത്തില്‍ മണ്ണിടിഞ്ഞു വീണ് ട്രെയിന്‍ ഗതാഗതം കുറച്ചുസമയത്തേക്ക് തടസ്സപ്പെട്ടു. ഈ ഭാഗത്തുകൂടി ട്രെയിനുകള്‍ വേഗത കുറച്ചാണ് ഓടുന്നത്.



Sharing is Caring