
വിഴിഞ്ഞം തുറമുഖത്തിന് ‘വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട്’ എന്ന പേര് നൽകിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. അദാനി ഗ്രൂപ്പും സർക്കാരും തമ്മിലെ ചർച്ചയെ തുടർന്നാണ് തീരുമാനമുണ്ടായത്. ബ്രാൻഡിംഗ് ഉൾപ്പടെയുള്ളവ ഈ പേരുപയോഗിച്ചായിരിക്കും ഇനി ചെയ്യുകയെന്ന് അധികൃതർ അറിയിക്കുന്നു.അദാനി പോർട്ട് എന്ന പേരിൽ തുറമുഖം അറിയപ്പെടുന്നതിൽ സർക്കാരിന് അതൃപ്തി ഉണ്ടായിരുന്നു.
സർക്കാർ ഉടമസ്ഥതയിൽ തന്നെയാണ് തുറമുഖമെന്ന് അറിയിക്കാനാണ് ഇപ്പോൾ ‘വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട്’ നാമകരണം ചെയ്തിരിക്കുന്നത്. ഈ പേരായിരിക്കും ഇനി പ്രചാരണങ്ങളിൽ ഉണ്ടാവുകയെന്നും സർക്കാർ അറിയിക്കുന്നു.തുറമുഖത്ത് പുലിമുട്ടിന്റെ മുകളിൽ കോൺക്രീറ്റ് പാതയൊരുക്കുന്ന പ്രവർത്തനം വൈകാതെ ആരംഭിക്കും. മാതൃക എന്ന നിലയ്‌ക്ക് ഏതാനും മീറ്റർ കോൺക്രീറ്റ് നടത്തിയിട്ടുണ്ട്. കോൺക്രീറ്റ് പൂർത്തിയാകുന്നതോടെ വിശാലമായ പാതയായി ഇതുമാറും. നിലവിൽ പുലിമുട്ട് നിർമ്മാണം 2200 മീറ്ററാണ് ലക്ഷ്യമിടുന്നത്.

കാലാവസ്ഥ അനുകൂലമെങ്കിൽ നിർമ്മാണം വീണ്ടും തുടരും.കോൺക്രീറ്റ് പൂർത്തിയാകുമ്പോൾ പുലിമുട്ട് സമുദ്രനിരപ്പിൽ നിന്ന് 5 മീറ്ററോളം പൊക്കത്തിലാവും. പുലിമുട്ടിന്റെ നീളം സമുദ്ര ഉപരിതലത്തിൽ കാണാവുന്ന നിലയിൽ 2026 മീറ്ററും കടലിനടിയിൽ 2300 മീറ്ററും പൂർത്തിയായി. കരയിൽ ലോറികളിലും കടലിൽ ബാർജുകളിലും കരിങ്കല്ല് നിക്ഷേപിച്ചാണ് പുലിമുട്ട് നിർമ്മിക്കുന്നത്.
