യുഎസില്‍ പൊലീസ് പട്രോളിങ് വാഹനം ഇടിച്ച്‌ ഇന്ത്യന്‍ വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

യുഎസില്‍ പൊലീസ് പട്രോളിങ് വാഹനം ഇടിച്ച്‌ ഇന്ത്യന്‍ വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ ജില്ലക്കാരിയും സൗത്ത് ലേക്ക് യൂണിയനിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി ക്യാംപസ് വിദ്യാര്‍ഥിനിയുമായ ജാന്‍വി കന്‍ഡൂല (23) ആണ് മരിച്ചത്.വാഷിങ്ടനിലെ സിയാറ്റിലിലാണ് അപകടം നടന്നത്.

കഴിഞ്ഞ ഡിസംബറിലാണ് ജാന്‍വി യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നത്. ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാത്രിയോടെയാണ് ജാന്‍വിയെ പൊലീസ് വാഹനമിടിക്കുന്നത്. സിയാറ്റില്‍ ഡെക്‌സ്റ്റര്‍ അവന്യൂ നോര്‍ത്തിനും തോമസ് സ്ട്രീറ്റിനും ഇടയില്‍വച്ച്‌ റോഡ് ക്രോസ് ചെയ്യുന്നതിനിടെ പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ പട്രോളിങ് വാഹനം ജാന്‍വിയെ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. പ്രദേശത്ത് തീപിടുത്തമുണ്ടായ വിവരമറിഞ്ഞ് പോവുകയായിരുന്നു പൊലീസ് വാഹനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപകടം നടന്ന ഉടനെ തന്നെ പ്രാഥമിക വൈദ്യസഹായം നല്‍കി ജാന്‍വിയെ ഹാര്‍ബര്‍വ്യൂ മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നു സിയാറ്റില്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. ശരീരത്തിലേറ്റ ഒന്നിലധികം മാരക മുറിവുകളാണ് മരണകാരണം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *