ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് ചിത്രത്തില്‍ അമിതാഭ് ബച്ചനും

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ബോളിവുഡ് ചിത്രത്തില്‍ അമിതാഭ് ബച്ചനും. ആര്‍ ബാല്‍ക്കി സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രത്തിലാണ് അതിഥി വേഷത്തില്‍ ബി​ഗ് ബി എത്തുക.സംവിധായകന്‍ തന്നെയാണ് ഇതുസംബന്ധിച്ച്‌ വിവരം പുറത്തുവിട്ടത്.

“അമിതാഭ് ബച്ചന്‍ ഈ ചിത്രത്തില്‍ ഉണ്ടാവും. എന്റെ ആദ്യ ചിത്രമായ ചീനി കം മുതല്‍ പാഡ്മാന്‍ വരെയുള്ള ചിത്രങ്ങളില്‍ ബച്ചന്‍ വേഷമിട്ടിരുന്നു. ഈ ത്രില്ലര്‍ ചിത്രത്തില്‍ കഥയുടെ നിര്‍ണായക സന്ദര്‍ഭത്തിലാകും ബച്ചന്‍ അവതരിപ്പിക്കുന്ന കഥാപാത്രം എത്തുക. നിര്‍ണായക വേഷമാണ്. അദ്ദേഹത്തെ അഭിനയിപ്പിക്കണമെന്ന് കരുതി മാത്രം ഞാന്‍ ഒരു കഥാപാത്രത്തെ കണ്ടെത്താറില്ല” ഒരു അഭിമുഖത്തില്‍ ബാല്‍കി പറഞ്ഞു.

വലിയ താരനിരയിലാണ് ദുല്‍ഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രം ഒരുങ്ങുന്നത്. പൂജ ഭട്ട്, സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുക. 2022 തുടക്കത്തില്‍ തിയറ്ററിലൂടെയാണ് ചിത്രം റിലീസിനെത്തുക. ചിത്രീകരണം വൈകാതെ ആരംഭിക്കും. ചിത്രത്തിന് പേരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

കാര്‍വാന്‍, സോയ ഫാക്ടര്‍ എന്നീ സിനിമകള്‍ക്കു ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണിത്. തമിഴ്, തെലുങ്ക് സിനിമയിലും നിറഞ്ഞു നില്‍ക്കുകയാണ് ദുല്‍ഖര്‍. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം പറയുന്ന കുറുപ്പാണ് താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ടും ചിത്രീകരണം പൂര്‍ത്തിയാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *