അനിൽ ആൻ്റണിയെ തെരഞ്ഞെടുത്തതിലുള്ള പിസി ജോർജിൻ്റെ വിമർശനത്തോട് യോജിക്കുന്നില്ല ;അൽഫോൺസ് കണ്ണന്താനം

പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർത്ഥിയായി അനിൽ ആൻ്റണിയെ തെരഞ്ഞെടുത്തതിലുള്ള പിസി ജോർജിൻ്റെ വിമർശനത്തോട് യോജിക്കുന്നില്ലെന്ന് ബിജെപി നേതാവ് അൽഫോൺസ് കണ്ണന്താനം. മത്സരംഗത്ത് ഉണ്ടാകില്ലെന്ന് താൻ നേതൃത്വത്തെ അറിയിച്ചിരുന്നു. ചിന്തിക്കുന്ന ക്രിസ്ത്യാനികൾ ബിജെപിക്ക് വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.പി സി ജോർജിന്റെ വിമർശനത്തോട് യോജിക്കുന്നില്ല. കേന്ദ്ര നേതൃത്വം നിശ്ചയിക്കുന്ന സ്ഥാനാർത്ഥിയെ അംഗീകരിക്കുകയെന്നത് ഉത്തരവാദിത്വമാണ്.

അനിൽ ആന്റണി മികച്ച സ്ഥാനാർത്ഥിയാണ്. എകെ ആന്റിയുടെ മകനെ കേരളത്തിന് പരിചയമില്ലെന്ന് പറഞ്ഞാൽ അംഗീകരിക്കാനാവില്ല.കേരളം രക്ഷപ്പെടണമെങ്കിൽ ഇടത്-വലത് മാത്രമെന്ന ചിന്താഗതി മാറ്റണം. ഈ പ്രാവശ്യമെങ്കിലും ബുദ്ധിയോടെ തീരുമാനമെടുക്കണം. ചിന്തിക്കുന്ന ക്രിസ്ത്യാനികൾ ബിജെപിക്ക് വോട്ട് ചെയ്യും. മണിപ്പൂരിലേത് വർഗീയ കലാപമായി ചിത്രീകരിക്കാനാണ് കേരളത്തിൽ ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ടയിൽ മികച്ച ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു അനിൽ ആൻ്റണി പറഞ്ഞിരുന്നു. താൻ മോദിയുടെ സ്ഥാനാർത്ഥിയാണ്. ബിജെപി ഒരു പ്രത്യേക വിഭാഗത്തിന്റെ പാർട്ടി അല്ല. ഒന്നിൽ കൂടുതൽ എംപിമാർ ഇത്തവണ കേരളത്തിൽ നിന്ന് ബിജെപിക്ക് ഉണ്ടാകും. തനിക്ക് ക്രൈസ്തവ സഭകളുടെ മാത്രമല്ല, എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ലഭിക്കുമെന്നും അനിൽ ആൻ്റണി പ്രതികരിച്ചു.

പത്തനംതിട്ടയെ പ്രതിനിധീകരിക്കാന്‍ അനുയോജ്യന്‍ താന്‍ തന്നെയെന്ന് അനില്‍ ആന്റണി നേരത്തെ പറഞ്ഞിരുന്നു. പിസി ജോര്‍ജിന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരാമര്‍ശം വിമര്‍ശനമായി തോന്നുന്നില്ല. പത്തനംതിട്ടയിലെ മത്സരം നിസാരമായി കാണുന്നില്ലെന്നും അനില്‍ ആന്റണി പ്രതികരിച്ചു.

അനിൽ ആന്റണിക്ക് പത്തനംതിട്ട മണ്ഡലം എന്താണെന്ന് അറിയില്ലെന്നായിരുന്നു പിസി ജോർജിൻ്റെ വിമർശനം. രാഷ്ട്രീയത്തിൽ പാരമ്പര്യം ഇല്ലാത്ത ആളാണ് അനിൽ ആൻറണി. താൻ മത്സരിക്കുകയെന്നത് പ്രവർത്തകരുടെ ആവശ്യമായിരുന്നു. താഴെക്കിടയിലുള്ള പ്രവർത്തകരുടെ വികാരം മനസിലാക്കി വേണമായിരുന്നു തീരുമാനമെടുക്കാനെന്ന് അദ്ദേഹം പറഞ്ഞു. ബിഷപ്പുമാരും എൻഎസ്എസും തനിക്ക് പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ആ പിന്തുണ അനിൽ ആന്റണിക്ക ലഭിക്കുമോയെന്ന് അറിയില്ലെന്നും പി സി ജോർജ് പറഞ്ഞു.

.

Spread the love

Leave a Reply

Your email address will not be published. Required fields are marked *