അഖില കേരള ചെസ്സ് മത്സരം സംഘടിപ്പിച്ച് ലയണ്‍സ് ക്ലബ്ബ്

കൊച്ചി: ലഹരിക്കെതിരെ വിദ്യാര്‍ത്ഥികളെ ബോധവത്കരിക്കാന്‍ ലയണ്‍സ് ക്ലബ്ബ് മള്‍ട്ടിപ്പിള്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി അഖില കേരള ചെസ്സ് മത്സരം സംഘടിപ്പിച്ചു. ഇടപ്പള്ളി ട്രിനിറ്റി കാസാ സെന്ററില്‍ നടന്ന മത്സരം തൃക്കാക്കര എം.എല്‍.എ ഉമാ തോമസ് ഉത്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ്ബ് മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ സുഷമ നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തില്‍നിന്നും വിദ്യാര്‍ത്ഥികളെ അകറ്റിനിര്‍ത്താന്‍ ഇത്തരം ടൂര്‍ണമെന്റുകള്‍കൊണ്ട് സാധ്യമാകുമെന്ന് ഉമാ തോമസ് പറഞ്ഞു.

മുന്‍ ലയണ്‍സ് ഇന്റര്‍ നാഷണല്‍ ഡയറക്ടറും മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റിയുമായ വി. പി നന്ദകുമാര്‍, സണ്‍റൈസ് ഹോസ്പിറ്റല്‍ എം ഡി പര്‍വീന്‍ ഹഫീസ്, മുന്‍ വനിതാ കമ്മീഷന്‍ മെമ്പര്‍ പ്രൊഫ മോനമ്മ കോക്കാട്ട് എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനവിതരണം ചെയ്തു.

ആണ്‍ കുട്ടികളുടെ വിഭാഗത്തില്‍ ആരുഷ് എ, പത്തനംതിട്ട ഒന്നാം സ്ഥാനവും, അനെക്‌സ്, തിരുവനന്തപുരം രണ്ടാം സ്ഥാനവും, ദ്രുവ് എസ് നായര്‍, തിരുവനന്തപുരം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ നിരഞ്ജന എന്‍ ഒന്നാം സ്ഥാനവും, അമേയ എ ആര്‍, തിരുവനന്തപുരം രണ്ടാം സ്ഥാനവും, പ്രാര്‍ത്ഥന എസ്, ആലപ്പുഴ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

16 മുതല്‍ 45 വയസ്സുള്ളവര്‍ക്കായി നടത്തിയ ഓപ്പണ്‍ ചെസ്സ് മത്സരത്തില്‍ എറണാകുളം ജില്ലയില്‍ നിന്നുമുള്ള അഭിജിത് എം, മാര്‍ത്താണ്ടന്‍ കെ.യു, മാര്‍ട്ടിന്‍ സാമൂവല്‍ എന്നിവര്‍ യഥാക്രമം വിജയികളായി. ചടങ്ങില്‍ ലയണ്‍സ് മള്‍ട്ടിപ്പിള്‍ പി ആര്‍ ഒ ഡോ. സുചിത്രാ സുധീര്‍, ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍മാരായ ഡോ. ബി. അജയകുമാര്‍, ഡോ. ബിനോ ഐ. കോശി, ഡോ. ബീനാ രവികുമാര്‍, ടോണി ഏനോക്കാരന്‍, ടി. കെ. രജീഷ്, മുന്‍ മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ശിവാനന്ദന്‍, ഡിസ്ട്രിക്ട് പി ആര്‍ ഒമാരായ അഡ്വ. ആര്‍. മനോജ് പാലാ, സുനിതാ ജ്യോതിപ്രകാശ്, മാര്‍ട്ടിന്‍ ഫ്രാന്‍സിസ്, ഫെബിനാ അമീര്‍, മോനമ്മ കോക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *