അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു


വാക്കുകള്‍ക്കിടയില്‍ നര്‍മ്മത്തിന്റെ പട്ടു കൊണ്ട് സങ്കടത്തെ പൊതിഞ്ഞ എഴുത്തുകാരന്‍ അക്ബര്‍ കക്കട്ടില്‍ (62) അന്തരിച്ചു. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ച്ചയായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചയോടെയാണ് മരിച്ചത്.കോഴിക്കോട് ടൗണ്‍ ഹാളില്‍ രാവിലെ ഒമ്പത് മുതല്‍ 11.30 മണി വരെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് കക്കട്ടിലേക്ക് കൊണ്ടുപോകുന്ന ഭൗതികശരീരം വൈകീട്ട് അഞ്ച് മണിക്ക് ശേഷം ഔദ്യോഗിക ബഹുമതികളോടെ കണ്ടോത്ത്കുനി ജുമാഅത്ത് മസ്ജിദില്‍ ഖബറടക്കും. ഭാര്യ: വി. ജമീല. മക്കള്‍: സിതാര, സുഹാന.അധ്യാപകനായിരുന്ന അക്ബര്‍ കക്കട്ടിലിന്റെ സ്‌കൂള്‍ അനുഭവങ്ങളും സ്‌കൂള്‍ കഥകളും ഏറെ പ്രശസ്തമാണ്. രണ്ടുതവണ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 1998ല്‍ മികച്ച നോവലിന് (സ്‌ത്രൈണം) ജോസഫ് മുശ്ശേരി അവാര്‍ഡും 2000 ല്‍ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും ലഭിച്ചു. 1992ല്‍ സാഹിത്യത്തിനുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ ഫെലോഷിപ്പ് ലഭിച്ചു.നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും മലയാളം ഉപദേശക സമിതി അംഗം, സംസ്ഥാന സാക്ഷരതാ മിഷന്‍ മാസികയായ അക്ഷരകൈരളിയുടെ പത്രാധിപസമിതി അംഗം, കേന്ദ്ര സര്‍ക്കാറിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ് (എന്‍.ഐ.ഒ.എസ്) കരിക്കുലം കമ്മറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. കൂടാതെ കോഴിക്കോട് മലയാളം പബ്ലിക്കേഷന്‍സ്, ഒലീവ് പബ്ലിക്കേഷന്‍സ് ഓണററി എഡിറ്ററും കേരളസാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണ വിഭാഗം കണ്‍വീനറുമായിയിരുന്നു.




Sharing is Caring