വിമാനത്തിലെ സുരക്ഷാ നിര്‍ദേശങ്ങള്‍ നൃത്ത രൂപങ്ങളില്‍ സമന്വയിപ്പിച്ച്‌ എയര്‍ ഇന്ത്യ

കൊച്ചി: ആഗോള വിമാന കമ്പനിയായ എയര്‍ ഇന്ത്യയുടെ ഇന്‍ ഫ്‌ളൈറ്റ്‌ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ രാജ്യത്തിന്‍റെ തനത്‌ നൃത്ത രൂപങ്ങളുമായി കൂട്ടിയിണക്കിയ പുതിയ സേഫ്‌റ്റി വീഡിയോ- ‘സേഫ്‌റ്റി മുദ്രാസ്‌’ പുറത്തിറക്കി. കഥകളിയുടെ ഗാംഭീര്യവും മോഹിനിയാട്ടത്തിന്‍റെ ചാരുതയും ഉള്‍പ്പെടുത്തിയുള്ള വീഡിയോ യാത്രക്കാരുടെ സുരക്ഷാ മുന്‍കരുതലിനൊപ്പം സാംസ്‌കാരിക പൈതൃകത്തേയും കൊണ്ടാടുന്നുണ്ട്‌. ബിഹു, കഥക്‌, ഒഡീസി, ഭരതനാട്യം, ഗൂമര്‍, ഗിദ്ദ തുടങ്ങിയ നൃത്ത രൂപങ്ങളും വീഡിയോയില്‍ ഉണ്ട്‌.

മക്കാന്‍ വേള്‍ഡ്‌ ഗ്രൂപ്പിലെ പ്രസൂണ്‍ ജോഷി, ഗ്രാമി അവാര്‍ഡ്‌ ജേതാവായ സംഗീതസംവിധായകനും ഗായകനുമായ ശങ്കര്‍ മഹാദേവന്‍, ഭരത്‌ബാല എന്നിവർക്കൊപ്പം കലാമണ്ഡലം ശിവദാസ്‌, ശ്രുതി പ്രജീഷ്‌, രേണുക എം., ഐശ്വര്യ പി.വി., പവിത്ര ശങ്കര്‍ എന്നീ പ്രതിഭകളും അടങ്ങുന്ന സംഘമാണ്‌ ഈ വീഡിയോയുടെ പിന്നില്‍. കേരളത്തിന്‍റെ ഓളപ്പരപ്പുകളില്‍ ചിത്രീകരിച്ച ഈ വീഡിയോയില്‍ വിമാനത്തിനുള്ളിലെ ഇലക്ട്രോണിക്‌ ഗാഡ്‌ജെറ്റുകളുടെയും പുകവലിയുടെയും നിരോധനമാണ്‌ വിവരിക്കുന്നത്‌.

രാജ്യത്തിന്‍റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെ ഉള്‍പ്പെടുത്തിയുള്ള സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ലോകമെമ്പാടുമുള്ള സഞ്ചാരികള്‍ക്ക്‌ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ എയര്‍ ഇന്ത്യ ഏറെ സന്തോഷിക്കുന്നുവെന്ന്‌ എയര്‍ ഇന്ത്യയുടെ സിഇഒയും എംഡിയുമായ കാംപ്‌ബെല്‍ വില്‍സണ്‍ പറഞ്ഞു. ഈ ഇൻഫ്ലൈറ്റ് സുരക്ഷാ വീഡിയോ ഞങ്ങളുടെ അതിഥികളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതും വിജ്ഞാനപ്രദവുമാണ്. ഒപ്പം അവർ വിമാനത്തിൽ കാലുകുത്തുന്ന നിമിഷം മുതൽ ഇന്ത്യയിലേക്ക് ഊഷ്മളമായ സ്വാഗതമോതുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.

അത്യാധുനിക ഇന്‍ഫ്‌ളൈറ്റ്‌ എന്‍റര്‍ടെയ്‌ന്‍മെന്‍റ് സ്‌ക്രീനുകളുള്ള എയര്‍ ഇന്ത്യയുടെ പുതിയ എ350 വിമാനത്തിലാണ്‌ ഈ സുരക്ഷാ വീഡിയോ തുടക്കത്തില്‍ പ്രദര്‍ശിപ്പിക്കുക. എയര്‍ ഇന്ത്യയുടെ മറ്റ്‌ വിമാനങ്ങളിലും ക്രമേണ ഇവ പ്രദര്‍ശിപ്പിക്കും. സമൂഹ മാധ്യമങ്ങളിലും വീഡിയോ ഇതിനകം തരംഗമായി കഴിഞ്ഞു.

വീഡിയോ ലിങ്ക്‌: https://bit.ly/AirIndiaSafetyVideo

Spread the love

Leave a Reply

Your email address will not be published. Required fields are marked *