ഇന്ത്യയിലെ ആദ്യ സമ്പൂർണ വനിത ഹജ്ജ് വിമാനവുമായി എയർ ഇന്ത്യ എക്സ്പ്രസ്

കൊച്ചി: ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്‌സ്‌പ്രസ് ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിത ഹജ്ജ് വിമാന സർവീസ് നടത്തി സുപ്രധാന നാഴികക്കല്ല് കൈവരിച്ചു. 145 സ്ത്രീ തീർഥാടകരുമായി പുറപ്പെട്ട ഈ പ്രത്യേക വിമാനത്തിന്‍റെ എല്ലാ നിർണായക ഫ്ലൈറ്റ് ഓപ്പറേഷൻ റോളുകളിലും പൂർണ്ണമായും വനിതാ ജീവനക്കാരാണ്.

വനിതകൾ മാത്രമുള്ള ആദ്യ ഹജ്ജ് വിമാനം, ഐഎക്സ് 3025, കോഴിക്കോട് നിന്ന് വ്യാഴാഴ്ച പ്രാദേശിക സമയം 18:45 ന് ജിദ്ദയിലേക്ക് പുറപ്പെട്ടു. പ്രാദേശിക സമയം 22:45 ന് ജിദ്ദയിൽ എത്തി. ക്യാപ്റ്റൻ കനിക മെഹ്റ, ഫസ്റ്റ് ഓഫീസർ ഗരിമ പാസി എന്നിവരാണ് വിമാനത്തിന്‍റെ പൈലറ്റുമാർ. ബിജിത എം.ബി, ശ്രീലക്ഷ്മി, സുഷമ ശർമ, ശുഭാംഗി ബിശ്വാസ് എന്നിവർ ക്യാബിൻ ക്രൂ അംഗങ്ങളും.

എയർ ഇന്ത്യ എക്സ്പ്രസിലെ വനിതാ പ്രൊഫഷണലുകളാണ് നിർണായക ഗ്രൗണ്ട് ടാസ്‌ക്കുകൾ നിർവഹിച്ചത്. എയർ ഇന്ത്യ എക്‌സ്പ്രസിന്‍റെ ഓപ്പറേഷൻ കൺട്രോൾ സെന്‍ററിൽ സരിതാ സലുങ്കെ വിമാനം മോണിറ്റർ ചെയ്തു, അതേസമയം മൃദുല കപാഡിയ വിമാനത്തിന്‍റെ പുരോഗതി നിരീക്ഷിച്ചു. ലീന ശർമ്മയും നികിത ജവാൻജലും ഫ്ലൈറ്റ് ഡിസ്പാച്ച് കൈകാര്യം ചെയ്തു. നിഷ രാമചന്ദ്രൻ എയർക്രാഫ്റ്റ് മെയിന്‍റനൻസ് ചുമതലയുള്ള ഓൺ-ഡ്യൂട്ടി സർവീസ് എഞ്ചിനീയറായി സേവനമനുഷ്ഠിച്ചു. രഞ്ജു ആർ ലോഡ് ഷീറ്റ് പരിശോധിച്ച് ഒപ്പിട്ടു.

ഹജ്ജ് കമ്മിറ്റിയുടെ സ്ത്രീ ശാക്തീകരണ സംരംഭം എയർ ഇന്ത്യ എക്സ്പ്രസിന്‍റെ സമത്വത്തിന്‍റെയും വൈവിധ്യത്തിന്‍റെയും അടിസ്ഥാന മൂല്യങ്ങളുമായി തികച്ചും യോജിക്കുന്നതാണ്. കാരണം എയർലൈനിന്‍റെ തൊഴിൽ ശക്തിയിൽ 50 ശതമാനവും സ്ത്രീകളാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *