സൂറത്തിൽ ബിജെപി സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ഗാന്ധി

സൂറത്ത് ലോകസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ട് പിന്നാലെ ബിജെപിയെയും നരേന്ദ്രമോദിയെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. രാജ്യത്ത് പത്ത് വര്‍ഷമായി ഭരണം നടത്തുന്ന ഏകാധിപതിയുടെ യഥാര്‍ത്ഥ മുഖമാണ് സൂറത്ത് സംഭവത്തിലൂടെ പുറത്ത് വന്നത് എന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ വിമര്‍ശനം.

രണ്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെയും നാമനിര്‍ദ്ദേശ പത്രിക തള്ളുകയും മറ്റ് സ്ഥാനാര്‍ഥികള്‍ സ്വമേധയാ മത്സരത്തില്‍ നിന്ന് പിന്മാറുകയും ചെയ്തതിനെ തുടര്‍ന്ന് സൂറത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥി മുകേഷ് ദലാല്‍ എതിരില്ലാതെ നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നാല് സ്വതന്ത്രരും മൂന്ന് ചെറുപാര്‍ട്ടികളും ബഹുജന്‍ സമാജ് പാര്‍ട്ടിയുമാണ് ഇത്തരത്തില്‍ തങ്ങളുടെ നാമനിര്‍ദേശപട്ടിക പിന്‍വലിച്ചത്.

നാമനിര്‍ദേശ പട്ടിക സമര്‍പ്പിച്ചതിന്റെ കൂടെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഒപ്പുവെച്ചവരുടെ ഒപ്പുകള്‍ വ്യാജമാണെന്ന് പറഞ്ഞായിരുന്നു മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ നിലേഷ് കുംഭാനിയുടെ നാമനിര്‍ദേശ പത്രിക ജില്ലാ റിട്ടേണിംഗ് ഓഫീസര്‍ തള്ളിയത്. ശേഷം കോണ്‍ഗ്രസിന്റെ ഡമ്മി സ്ഥാനാര്‍ഥിയായിരുന്ന സുരേഷ് പദ്‌സലയുടെ നാമനിര്‍ദ്ദേശ പത്രികയും റിട്ടേണിംഗ് ഓഫീസര്‍ തള്ളി.

‘തങ്ങളുടെ നേതാവിനെ തിരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അവകാശം അവരില്‍ നിന്ന് തട്ടിയെടുക്കുന്നത് ബാബ അംബേദ്ക്കര്‍ സാഹിബിനോടും ഭരണഘടനയോടും ഉയര്‍ത്തുന്ന വെല്ലുവിളിയാ”ണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. ‘1984ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായി വിജയിച്ച സൂറത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മാച്ച് ഫിക്‌സ് ചെയ്യാനാണ് ശ്രമിക്കുന്ന”തെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും’ ആരോപിച്ചു. നാമ നിര്‍ദേശപട്ടിക തള്ളിയ സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *