കോഴിക്കോട്: നഗരമധ്യത്തില്‍ ഓട്ടോയില്‍ കയറിയ വയോധികയെ ആക്രമിച്ച് രണ്ട് പവൻ സ്വർണം കവർന്ന കേസിലെ പ്രതി പിടിയില്‍.കുണ്ടായിതോട് കുളത്തറമ്മല്‍ വീട്ടില്‍ ഉണ്ണികൃഷ്ണനെയാണ് (50) ടൗണ്‍ ഇൻസ്പെക്ടർ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ആലപ്പുഴയിലെ മകന്റെ വീട്ടില്‍നിന്ന് ട്രെയിൻ മാർഗം കോഴിക്കോട്ടെത്തിയ വയനാട് പുല്‍പ്പള്ളി സ്വദേശിനി ജോസഫീനക്കാണ് ദുരനുഭവമുണ്ടായത്. എം.സി.സി ബാങ്ക് പരിസരത്തുനിന്ന് കോഴിക്കോട് കെ.എസ്.ആർ.ടി.സി പരിസരത്തേക്ക് ഓട്ടോയില്‍ കയറിയ ജോസഫീനയെ വഴി തെറ്റിച്ച് ചിന്താ വളപ്പ്, പാവമണി റോഡ് വഴി മുതലക്കുളം ഭാഗത്ത് എത്തിച്ച പ്രതി ആക്രമിച്ച് സ്വർണമാല പിടിച്ചു പറിക്കുകയും തടയാൻ ശ്രമിച്ചപ്പോള്‍ പുറത്തേക്ക് വലിച്ചിടുകയുമായിരുന്നു.വീഴ്ചയില്‍ വയോധികയുടെ താടിയെല്ലിന്ന് പരിക്കേറ്റു. തുടർന്ന് ഇവർ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി.
പരാതിയുടെ അടിസ്ഥാനത്തില്‍ ടൗണ്‍ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. . തുടർന്ന് നഗരത്തില്‍ രാത്രി ഓടുന്ന എല്‍.പി.ജി ഓട്ടോകളുടെ ലിസ്റ്റ് എടുത്ത് പരിശോധിച്ചാണ് പ്രതിയെ പിടികൂടിയതെന്ന് ജില്ല പൊലീസ് മേധാവി രാജ്പാല്‍ മീണ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.