ഇന്ത്യയിൽ 64 ശതമാനം ആളുകളും ആവശ്യത്തിന് ഉറങ്ങുന്നില്ലെന്ന് സർവേ റിപ്പോർട്ട്

ഒട്ടും സമയം ഇല്ലാതെയുള്ള തിരക്കുപിടിച്ച ജീവിതവും ഇപ്പോഴത്തെ ആധുനിക ജീവിതരീതിയും വരുത്തിവെച്ച പ്രശ്നങ്ങളിൽ ഒന്നാണ് ഉറക്കക്കുറവ്. ഇന്ത്യയിൽ 64 ശതമാനം ആളുകളും ആവശ്യത്തിന് ഉറക്കമില്ലാത്തവരാണ് എന്നാണ് അടുത്തിടെ എന്റര്‍ടേയ്ന്‍മെന്റ് ടൈംസ് നടത്തിയ സർവേയിൽ പറയുന്നത്. സർവേ റിപ്പോർട്ട് പ്രകാരം പങ്കെടുത്തവരിൽ 51 ശതമാനം പേര്‍ നാലു മുതല്‍ ആറു മണിക്കൂര്‍ വരെയും 10 ശതമാനം പേര്‍ നാലു മണിക്കൂറില്‍ താഴെ ഉറങ്ങുന്നവരുമാണെന്ന് കണ്ടെത്തി. ഇങ്ങനെയാണെങ്കിലും ശരിയായ രീതിയിൽ ഉറക്കപ്രശ്നങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്നാണ് കോകിലബെന്‍ ധീരുഭായ് അംബാനി ആശുപത്രിയിലെ ഇഎന്‍ടി കണ്‍സല്‍ട്ടന്റ് ഡോ. സഞ്ജീവ് ബാധ്‌വര്‍ പറയുന്നത്.

കഴിഞ്ഞ ഒരു വർഷത്തെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ഉറക്കപ്രശ്നങ്ങൾക്ക് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഉറക്കമില്ലായ്മ, മുറിഞ്ഞ ഉറക്കം, ഉറക്കം ആരംഭിക്കാനുള്ള പ്രശ്‌നങ്ങള്‍, സ്ലീപ് അപ്നിയ തുടങ്ങിയ നിരവധി ഉറക്ക പ്രശ്‌നങ്ങൾക്കാണ് ആളുകൾ ചികിത്സ തേടിയെത്തുന്നത്. 15 ശതമാനം മുതിര്‍ന്നവരിലും 3.4 മുതല്‍ അഞ്ച് ശതമാനം വരെ കുട്ടികളിലും സ്ലീപ് അപ്നിയ റിപ്പോർട്ട് ചെയ്യാറുണ്ട്. സ്ലീപ് അപ്നിയ ബാധിച്ചവര്‍ക്ക് ക്ഷീണം, ഉറങ്ങി എണീറ്റാലും തൊട്ടടുത്ത ദിവസങ്ങളിൽ ഉറക്കച്ചടവ്, ദേഷ്യം തുടങ്ങിയവ അനുഭവപ്പെടും.

ക്ലിനിക്കല്‍ പരിശോധനയും അടിസ്ഥാനപരമായ ചോദ്യാവലികളുടെയും അടിസ്ഥാനത്തിലാണ് ഉറക്ക പ്രശ്നങ്ങൾ നിര്‍ണയിക്കുന്നത്. പോളിസോംനോഗ്രാഫി എന്ന ഉറക്ക പരിശോധനയിലൂടെ ഉറക്കത്തിന്റെ നിലവാരവും മറ്റു പ്രശ്നങ്ങളും നിർണയിക്കാൻ സാധിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *